കർണാടക മുൻ മുഖ്യമന്ത്രി വൈദ്യുതി മോഷ്ടിച്ചെന്ന് കോൺ​ഗ്രസ്

ദീപാവലി ആഘോഷിക്കാൻ ബെം​ഗളൂരുവിലെ ജെപി നഗറിലെ വസതിയിൽ മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി വൈദ്യുതി മോഷ്ടിച്ചെന്ന് ആരോപണം. ഇതിനെതിരെ ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ഇലക്‌ട്രിസിറ്റി ആക്‌ട് പ്രകാരമാണ് കേസെടുത്തത്. കുമാരസ്വാമിയുടെ ജെപി നഗറിലെ വസതിയിലേക്ക് വൈദ്യുത തൂണിൽ നിന്ന് നേരിട്ട് അനധികൃതമായി വൈദ്യുതി കണക്ഷൻ ഉപയോഗിച്ച് അലങ്കാര വിളക്കുകൾ പ്രകാശിപ്പിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ, വീട് അലങ്കരിക്കാൻ ചുമതലപ്പെടുത്തിയവർക്ക് സംഭവിച്ച തെറ്റാണെന്നും വീടിന്റെ മീറ്റർ ബോർഡുമായി ബന്ധിപ്പിച്ച് സ്ഥിതിഗതികൾ ഉടൻ പരിഹരിച്ചതായും കുമാരസ്വാമി പറഞ്ഞു. ബെസ്‌കോം ഉദ്യോഗസ്ഥർ ചുമത്തിയ പിഴ നൽകാമെന്നും അദ്ദേഹം പറഞ്ഞു. ഒരു ചെറിയ വിഷയം കോൺ​ഗ്രസ് പെരുപ്പിച്ചു കാണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ​ഗാർഹിക കണക്ഷനുകൾക്കായി പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്ന സർക്കാരിന്റെ ‘ഗൃഹജ്യോതി’ പദ്ധതിക്ക് കുമാര സ്വാമി ഉടൻ അപേക്ഷിക്കണമെന്ന് കോൺ​ഗ്രസ് പരിഹസിച്ചു.

കുമാരസ്വാമി കർഷകർക്ക് വേണ്ടിയുള്ള വൈദ്യുതി മോഷ്ടിച്ചെന്നും സംസ്ഥാനം വരൾച്ചയെ അഭിമുഖീകരിക്കുമ്പോൾ ദീപാവലി ആഘോഷിക്കേണ്ടതിന്റെ ആവശ്യക എന്താണെന്നും കോൺ​ഗ്രസ് ചോദിച്ചു. അതേസമയം, സംഭവത്തിൽ ബെസ്‌കോം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു.