ആലുവ വിധി; പൊലീസിനും പ്രോസിക്യൂഷനും ജഡ്ജിനും ആദരവറിയിച്ച് ആരോഗ്യമന്ത്രി

കൊച്ചി: ഈ ശിശുദിനം അടയാളപ്പെടുത്തപ്പെടുന്നത് ആലുവ വിധിയോട് ചേർത്താവുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അഞ്ച് വയസ്സ് മാത്രമുണ്ടായിരുന്ന നിഷ്‌കളങ്ക ബാല്യത്തെ അതിക്രൂരമായി പീഡിപ്പിച്ച് ഇല്ലാതാക്കിയ പ്രതിക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പരമാവധി ശിക്ഷ വിധിച്ചിരിക്കുന്നു. റെക്കോർഡ് വേഗത്തിൽ കേസ് നടപടികൾ പൂർത്തിയാക്കിയ ജഡ്ജി, പ്രോസിക്യൂഷൻ, പോലീസ് ഇവരോടുള്ള ആദരവ് അറിയിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.

ആലുവയിൽ അതിഥിത്തൊഴിലാളിയുടെ അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ വേഗത്തിൽ നടത്തിയത് മാതൃകാപരമാണ്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ നടത്തുന്നവർക്ക് ശക്തമായ താക്കീതാണ് ഈ ശിക്ഷാവിധിയിലൂടെ നൽകിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒരു കുഞ്ഞും ആക്രമിക്കപ്പെടരുത്. അതിനുവേണ്ടിയുള്ള ശക്തമായ സന്ദേശം കൂടിയാണ് ഈ വിധിപ്രസ്താവത്തിലൂടെ കോടതി നൽകിയിരിക്കുന്നത്. ശിശുദിനത്തിൽ, ശിശുക്കളുടെ അവകാശങ്ങളെക്കുറിച്ച് ഏറ്റവും കൂടുതൽ ബോധവാത്മാരാക്കേണ്ടത് പൊതുസമൂഹമാണ്. പൊതുസമൂഹമാണ് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതും, അതു സംരക്ഷിക്കേണ്ടതും. കുഞ്ഞുങ്ങളുടെ അവകാശസംരക്ഷണത്തിൽ, അവർക്ക് നീതി ഉറപ്പാക്കുന്നതിൽ പൊതുസമൂഹത്തിന്റെ പങ്കാളിത്തം അനിവാര്യമാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.