കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലെത്തിയാൽ ജാതിസെൻസസ് നടത്തും; രാഹുൽ ഗാന്ധി

നീമച്ച്: കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലെത്തിയാൽ ജാതിസെൻസസ് നടത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മദ്ധ്യപ്രദേശിലെ നീമച്ചിലെയും ഹർദയിലെയും പൊതുയോഗങ്ങളിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മധ്യപ്രദേശ് രാജ്യത്തെ ‘അഴിമതി തലസ്ഥാന’മാണ്. സംസ്ഥാനത്ത് ബിജെപി സർക്കാർ വ്യാപകമായ അഴിമതിയിൽ ഏർപ്പെടുകയാണ്. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ മകനും ഒരു ഇടനിലക്കാരനും കോടിക്കണക്കിന് രൂപയെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ നിങ്ങൾ കണ്ടില്ലേയെന്ന് അദ്ദേഹം ചോദിച്ചു.

മധ്യപ്രദേശിൽ ബിജെപി നിങ്ങളുടെ പണം മോഷ്ടിക്കുകയാണ്. ഇതിനെക്കുറിച്ച് പ്രധാനമന്ത്രി അന്വേഷണം നടത്തിയോയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. മധ്യപ്രദേശിൽ ചില വാഗ്ദാനങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. കോൺഗ്രസ് 500 രൂപയ്ക്ക് പാചകവാതക സിലിണ്ടർ നൽകും. കർഷകരുടെ രണ്ടു ലക്ഷം വരെയുള്ള വായ്പകൾ എഴുതിത്തള്ളും. ഗോതമ്പിന് 2600 രൂപ കുറഞ്ഞ താങ്ങുവില നൽകും. അത് 3000 രൂപയായി ഉയർത്തും. 100 വരെ സൗജന്യവൈദ്യുതി നൽകുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.