ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും റിക്രൂട്ട്മെന്റ് പരീക്ഷ; തലമറയ്ക്കുന്നതൊന്നും ധരിക്കാൻ പാടില്ലെന്ന് ഉത്തരവ്

ബംഗളൂരു: ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും റിക്രൂട്ട്മെന്റ് പരീക്ഷകളിൽ തലമറയ്ക്കുന്നതൊന്നും ധരിക്കാൻ പാടില്ലെന്ന് ഉത്തരവ്. കർണാടക എക്സാമിനേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കോപ്പിയടി പോലുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനാണ് വിലക്കെന്നാണ് വിശദീകരിച്ചിരിക്കുന്നത്.

അതേസമയം, വലതുപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളുടെ ഫലമായി താലിമാല, കാൽവിരലിൽ മോതിരം എന്നിവ ധരിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. നവംബർ 18, 19 തീയതികളിലായി വിവിധ ബോർഡ്, കോർപ്പറേഷൻ പരീക്ഷകൾ നടക്കാനിരിക്കെയാണ് വിലക്ക് പ്രഖ്യാപിച്ചുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

തല, വായ, ചെവി എന്നിവ മറയ്ക്കുന്ന തുണികൾ, തൊപ്പി എന്നിവ ധരിച്ചവരെ പരീക്ഷാഹാളിൽ പ്രവേശിപ്പിക്കില്ല എന്നാണ് കെഇഎയുടെ ഉത്തരവിലുള്ളത്. ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള കോപ്പിയടി തടയാനാണ് വിലക്കെന്ന് ഉത്തരവിൽ പറയുന്നു. കർണാടകയിൽ മുൻ ബിജെപി സർക്കാർ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിൽ നിലവിലെ കോൺഗ്രസ് സർക്കാർ കഴിഞ്ഞ ഒക്ടോബറിൽ ഇളവ് നൽകിയിരുന്നു.

സർക്കാർ സർവീസിലേക്കുള്ള മത്സര പരീക്ഷകൾക്ക് ഹിജാബ് ധരിച്ചെത്താമെന്ന ഇളവാണ് നൽകിയത്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. ഹിജാബിന് കർണാടക അഡ്മിനിസ്ട്രേറ്റീവ് പരീക്ഷകളിൽ വിലക്കുണ്ടാകില്ലെന്നാണ് ഉത്തരവ് വ്യക്തമാക്കിയിരുന്നത്.