ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ കുടുങ്ങിക്കിടന്ന തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഇന്നലെ രാവിലെയാണ് തുരങ്കത്തിൽ അപകടമുണ്ടായത്. ഓക്സിജനും വെള്ളവും നൽകിയിട്ടുണ്ടെന്നും തൊഴിലാളികൾ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.160 രക്ഷാപ്രവർത്തക സംഘം 31 മണിക്കൂർ തുടർച്ചയായി തുടരുന്ന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. യന്ത്രങ്ങളാൽ മണ്ണ് മാറ്റുന്ന ജോലികൾ നടക്കുകയാണ്.
സ്ലാബും മണ്ണും കൊണ്ട് നിറഞ്ഞ 35 മീറ്റർ കൂടി നീക്കിയാൽ മാത്രമേ രക്ഷാപ്രവർത്തക സംഘത്തിന് തൊഴിലാളികൾക്ക് അരികിൽ എത്താൻ കഴിയൂ. മണിക്കൂറുകൾ നീണ്ട ആശങ്കക്കൊടുവിൽ തൊഴിലാളികളുമായി രക്ഷാപ്രവർത്തക സംഘത്തിന് ആശയവിനിമയം നടത്താൻ കഴിഞ്ഞിരുന്നു. വെള്ളവും ഭക്ഷണവും ഓക്സിജനും അവർക്കായി ലഭ്യമാക്കിയിട്ടുണ്ട്. നാലര കിലോമീറ്റർ ദൂരമുള്ള തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ അകലെയാണ് ഇന്നലെ രാവിലെ അഞ്ചരയ്ക്ക് അപകടമുണ്ടായത്.സിൽക്യാരയെ ദണ്ഡൽഗാവുമായി ബന്ധിപ്പിക്കുന്നതാണ് തുരങ്കം. ദേശീയ- സംസ്ഥാന ദുരന്തനിവാരണ സേനയും പോലീസും ചേർന്ന് സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

