കേരളത്തിലെ കർഷകർ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ല; വിവാദ പരാമർശവുമായി സജി ചെറിയാൻ

ആലപ്പുഴ: കേരളത്തിലെ കർഷകർക്കെതിരെ വിവാദ പരാമർശം നടത്തി മന്ത്രി സജി ചെറിയാൻ. കേരളത്തിലെ കർഷകർ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ലെന്നും അരി തമിഴ്‌നാട്ടിൽ നിന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു. പൊതുപരിപാടിയിലായിരുന്നു സജി ചെറിയാൻ ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. കൃഷി മന്ത്രി പി പ്രസാദ് ഉൾപ്പെടെ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.

കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. തമിഴ്‌നാട്ടിൽ അരിയുള്ളിടത്തോളം കാലം കേരളത്തിൽ ആരും പട്ടിണി കിടക്കില്ല. സർക്കാർ കോടിക്കണക്കിന് രൂപ കൊണ്ടുവന്ന് വികസനം നടത്തുന്നുണ്ട്. അതിനോട് സഹകരിക്കാൻ കർഷകർ തയ്യാറാകുന്നില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പരാമർശം. മാന്നാർ ചെന്നിത്തല പഞ്ചായത്തിൽ ബണ്ട് റോഡിന്റെയും പാടശേഖരങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുമ്പനം തോടിന്റെ പണി വേഗം തുടങ്ങിയില്ലെങ്കിൽ ഇനി കൃഷി ചെയ്യില്ലെന്ന് അവിടെയുള്ള കർഷകർ പറഞ്ഞിരുന്നു. ഇതിന് മറുപടി എന്ന തരത്തിലായിരുന്നു സജി ചെറിയാൻ പരാമർശം നടത്തിയത്. മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി വിവിധ കർഷക സംഘടനകൾ രംഗത്തെത്തിയിരുന്നു. ഒരു മന്ത്രി ഒരിക്കലും നടത്താൻ പാടില്ലാത്ത പ്രസ്താവനയാണ് സജി ചെറിയാന്റെ ഭാഗത്ത് നിന്നുണ്ടായത്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് കർഷക സംഘടനകൾ പറയുന്നത്.