ന്യൂഡൽഹി: ജനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസ്സാക്കിയ ബില്ലിന് അനുമതി നൽകാതെ തടഞ്ഞുവെക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി. ഗവർണർമാർ തീ കൊണ്ട് കളിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിയമസഭാ സമ്മേളനം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് ബിൽ പാസാക്കാത്തത് തീയിൽ കളിക്കുന്നത് പോലെയാണെന്ന് കോടതി പറഞ്ഞു. ഗവർണർക്കെതിരായ പഞ്ചാബ് സർക്കാരിന്റെ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസാണ് ഇതുസംബന്ധിച്ച പരാമർശം നടത്തി.
ഇത്തരത്തിൽ ഗവർണർമാർ പെരുമാറിയാൽ പാർലമെന്ററി ജനാധിപത്യവും സർക്കാരും എങ്ങനെ മുന്നോട്ടുപോകുമെന്ന് കോടതി ചോദിക്കുന്നു. നിയമസഭ ചർച്ചകളിലൂടെ പാസ്സാക്കുന്ന ബിൽ, സ്റ്റേറ്റിന്റെ തലവൻ എന്ന നിലയിൽ ഗവർണർ പിടിച്ചുവെക്കരുത്. സഭാ സമ്മേളനം സാധുവാണോ അല്ലയോ എന്ന് ഗവർണർമാർക്കെങ്ങനെ വിധി പറയാൻ കഴിയുമെന്നും കോടതി ചോദിച്ചു.
ഗവർണറുടെ നടപടി ഗൗരവതരമെന്നായിരുന്നു തമിഴ്നാടിന്റെ ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ബില്ലുകളിൽ ഒപ്പിടാതെ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിനെതിരെയാണ് തമിഴ്നാട് സർക്കാർ ഗവർണർക്കെതിരെ ഹർജി നൽകിയത്.

