മോദി ധരിക്കുന്നത് ലക്ഷങ്ങൾ വിലയുള്ള സ്യൂട്ടുകൾ; പരിഹാസവുമായി രാഹുൽ ഗാന്ധി

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിയുടെ വസ്ത്രധാരണത്തെ പരിഹസിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. മോദി ധരിക്കുന്നത് ലക്ഷങ്ങൾ വിലയുള്ള സ്യൂട്ടുകളാണെന്ന് അദ്ദേഹം പറഞ്ഞു. താൻ ഈ വെള്ള ടി-ഷർട്ട് മാത്രമാണ് ഉപയോഗിക്കുന്നത്. മധ്യപ്രദേശിലെ സത്നയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു പരാമർശം.

മോദിയുടെ പ്രസംഗം താൻ കേട്ടു, എല്ലായിടത്തുവെച്ചും, എല്ലാ പ്രസംഗത്തിലും താൻ ഒബിസി വിഭാഗത്തിൽപ്പെട്ടയാളാണെന്നാണ് മോദി പറയുന്നത്. ഇത് ആവർത്തിച്ചു പറഞ്ഞാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. ലക്ഷങ്ങൾ വിലയുള്ള 1-2 സ്യൂട്ടുകളെങ്കിലും മോദി ഒരു ദിവസം ധരിക്കുന്നുണ്ട്. താൻ ഈയൊരു വെള്ള വസ്ത്രമാണ് ധരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താൻ ജാതിയെക്കുറിച്ച് പറയുമ്പോൾ, ഇന്ത്യയിൽ ജാതിയില്ലെന്നാണ് മോദി പറയുന്നത്. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിനെക്കുറിച്ച് താൻ പറഞ്ഞു തുടങ്ങിയപ്പോൾ മോദിയുടെ പ്രസംഗങ്ങളിൽ നിന്ന് ജാതി പോയി.മധ്യപ്രദേശിൽ അധികാരത്തിലെത്തുന്ന ജാതി സെൻസസ് നടത്തലായിരിക്കും കോൺഗ്രസ് സർക്കാരിന്റെ ആദ്യ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.