വാഷിങ്ടൺ: സിറിയയിലെ ആയുധ സംഭരണ കേന്ദ്രത്തിൽ വ്യോമാക്രമണം നടത്തി യുഎസ്. വ്യോമാക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച കിഴക്കൻ സിറിയയിൽ ഇറാനുമായി ബന്ധമുള്ള ആയുധ സംഭരണ കേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്.
അമേരിക്കൻ സൈനികരെ ആക്രമിച്ചതിന് പകരമായാണ് പ്രത്യാക്രമണം. യുഎസ് ഡിഫൻസ് സെക്രട്ടറി ലോയഡ് ഓസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്. ഇറാഖിലും സിറിയയിലും യുഎസുകാർക്കു നേരെ ഐആർജിസി തുടർച്ചയായി ആക്രമണം നടത്തുന്നതിനാലാണ് പ്രതിരോധമാർഗമെന്ന നിലയിൽ ആയുധ സംഭരണ കേന്ദ്രം ആക്രമിച്ചതെന്ന് ഓസ്റ്റിൻ വെളിപ്പെടുത്തി.
ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ് (ഐആർജിസി) സിറിയയിൽ ഉപയോഗിച്ചുവരുന്ന കേന്ദ്രങ്ങളിൽ പ്രതിരോധമെന്ന നിലയിലാണ് ആക്രമണം നടത്തിയത്. രണ്ട് യുഎസ് എഫ് 15 എസ് വിമാനങ്ങളാണ് ആയുധ സംഭരണകേന്ദ്രം ആക്രമിച്ചത്. സിറിയയിൽ ഇറാനുമായി ബന്ധമുള്ള കേന്ദ്രത്തിൽ യുഎസ് ആക്രമണം നടത്തുന്നത് ഇത് രണ്ടാം തവണയാണ്.
മധ്യ പൂർവ ഏഷ്യയിൽ ആക്രമണം വർധിപ്പിക്കുന്നതിന് ഇറാൻ സായുധ സംഘങ്ങൾക്ക് സഹായം നൽകുന്നുവെന്ന് യുഎസ് ആരോപിച്ചു. ഇസ്രയേൽ – ഹമാസ് യുദ്ധം ഇറാൻ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് യുഎസ്.

