ന്യൂഡൽഹി: കേരളത്തിൽ പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, കൊശമറ്റം ഫിനാൻസ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. പ്രവർത്തന ചട്ടങ്ങളിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി. പഞ്ചാബ് നാഷണൽ ബാങ്കിന് 72 ലക്ഷം രൂപയാണ് പിഴയായി നൽകേണ്ടത്. ഫെഡറൽ ബാങ്ക് 30 ലക്ഷവും കൊശമറ്റം ഫിനാൻസിന് 13.38 ലക്ഷം രൂപ എന്നിങ്ങനെയാണ് ചുമത്തിയിട്ടുള്ള പിഴ. മെഴ്സിഡെസ് ബെൻസ് ഫിനാൻഷ്യൽ സർവീസ് എന്ന സ്ഥാപനത്തിന് 10 ലക്ഷം രൂപയും പിഴ ചുമത്തി.
പ്രവർത്തന ചട്ടങ്ങളുമായി ബന്ധപ്പെട്ട് പഞ്ചാബ് നാഷണൽ ബാങ്ക് നിരവധി വീഴ്ചകൾ നടത്തിയിട്ടുണ്ടെന്നായിരുന്നു റിസർവ് ബാങ്കിന്റെ കണ്ടെത്തൽ. കോർ ബാങ്കിംഗ് സൊല്യൂഷൻ അഥവാ സിബിഎസിൽ ഉപയോഗത്തിലില്ലാത്ത മൊബൈൽ നമ്പറുകൾ ബാങ്ക് സൂക്ഷിക്കുകയും എസ്എംഎസ് ചാർജ് ഈടാക്കുകയും ചെയ്തിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ചില ടേം ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് സംബന്ധിച്ചും ബാങ്കിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ട്. എംസിഎൽആർ അധിഷ്ഠിത വായ്പകളുടെ പലിശനിരക്ക് വ്യക്തമാക്കുന്നതിലും ബാങ്കിന് ശ്രദ്ധക്കുറവുണ്ടായിരുന്നതായി റിസർവ് ബാങ്ക് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഫെഡറൽ ബാങ്കിന് പിഴ ചുമത്തിയത് 50,000 രൂപയ്ക്കും അതിനുമുകളിലുമുള്ള ഡിമാൻഡ് ഡ്രാഫ്റ്റുകളിൽ (ഡി.ഡി) പർച്ചേസറുടെ പേര് ചേർക്കാതിരുന്നതിനെ തുടർന്നായിരുന്നു. കെവൈസി മാനദണ്ഡങ്ങളിലെ ചില വ്യവസ്ഥകൾ ഫെഡറൽ ബാങ്ക് ലംഘിച്ചതായും റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി.

