ചെന്നൈ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കാൻ നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗവർണർമാരുടെ വസതികളിലേക്ക് ഭരണം കൂട്ടിക്കെട്ടുകയാണ് ബിജെപി ചെയ്യുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. സ്പീക് ഫോർ ഇന്ത്യ’ പോഡ്കാസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതിപക്ഷ പാർട്ടികൾ ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളെ ബിജെപി പിളർത്തുകയാണ്. എംഎൽഎമാരെ പണംകൊടുത്ത് വാങ്ങുകയാണ്. തമിഴ്‌നാട് നിയമസഭയിൽ ജനപ്രതിനിധികൾ പാസ്സാക്കിയ 19 ബില്ലുകൾ ഗവർണറെ ഉപയോഗിച്ച് ബിജെപി തടഞ്ഞുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ കേന്ദ്രീകരിച്ചായിരിക്കില്ല സംസ്ഥാന സർക്കാരുകൾക്കായുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പക്ഷേ, അദ്ദേഹം ആസൂത്രണ കമ്മിറ്റി പിരിച്ചുവിട്ടു. മുഖ്യമന്ത്രിമാർക്ക് പങ്കെടുത്ത് അഭിപ്രായങ്ങൾ പറയാനുള്ള വേദിയായിരുന്നു അത്. ഇതിന് പകരം ആർക്കും ഒരുപയോഗവുമില്ലാത്ത നിതി ആയോഗ് ഉണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി പറഞ്ഞത് സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തിക അധികാരങ്ങൾ നൽകുമെന്നാണ്. പക്ഷേ, ജിഎസ്ടി കോംപൻസേഷൻ കാലാവധി പോലും നീട്ടിയിട്ടില്ല. സംസ്ഥാനങ്ങളുടെ വിഹിതവും കൃത്യമായി നൽകുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ജിഎസ്ടി കാരണം സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി ഇപ്പോൾ ഐസിയുവിൽ ആണെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.

