തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. തന്നെ വർഗീയവാദി എന്ന് വിളിക്കാൻ എന്ത് ധാർമ്മികതയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. അഴിമതിയും പ്രീണനവും അടക്കമുള്ള വിഷയങ്ങൾ ഉയർത്തുമ്പോൾ വർഗീയവാദി എന്ന് പറഞ്ഞ് മറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹമാസ് പ്രതിനിധിക്ക് കേരളത്തിലെ ഒരു സമ്മേളനത്തിൽ സംസാരിക്കാൻ അനുവദിച്ചതിൽ കോൺഗ്രസും മിണ്ടുന്നില്ല. തന്റെ രാഷ്ട്രീയ ആരോപണങ്ങളും അവിശ്വാസവും മുഖ്യമന്ത്രിക്ക് നേരെയാണ്. കളമശ്ശേരി സ്‌ഫോടനം ദുരന്തപൂർണമായ സംഭവമാണ്. വർഗീയതയുടെ വിഷമെന്ന് മുഖ്യമന്ത്രി തന്നെ കുറിച്ച് പരാമർശിച്ചു. വിധ്വംസക ശക്തികളെ പ്രീണിപ്പിച്ചതിന്റെ ചരിത്രമുണ്ട്. ഇടതുപക്ഷവും കോൺഗ്രസും ഇതിന് കൂട്ടുനിന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹമാസിനെ കേരളത്തിലെ ഒരു ചടങ്ങിൽ പങ്കെടുപ്പിച്ച വിഷയമാണ് താൻ ഉയർത്തിയത്. വിധ്വംസക ശക്തികൾക്കെതിരെ പറയുന്നവരെ വർഗീയവാദി എന്ന് മുഖ്യമന്ത്രി വിളിക്കുന്നു. എലത്തൂർ സംഭവം ഭീകരാക്രമണം അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ആക്രമണത്തിൽ പിന്നീട് സാക്കിർ നായിക്ക് ഗ്രൂപ്പിന്റെ പങ്ക് വ്യക്തമായി. ഇത് പറഞ്ഞാലും വർഗീയവാദി എന്ന് വിളിക്കുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
എല്ലാ മതവിഭാഗങ്ങളുമായും തനിക്ക് നല്ല ബന്ധമാണ്. ഒരു വിഭാഗത്തിന് മേൽ കുറ്റം ചുമത്താനുള്ള മത്സരത്തിനില്ല. മുൻവിധിയോട് കൂടി തങ്ങൾ സമീപിച്ചിട്ടില്ല. ഹമാസ് നടത്തുന്ന കൂട്ടക്കൊലയെ കുറിച്ച് മൗനം പാലിക്കുന്നതിനെയാണ് താൻ ചോദ്യം ചെയ്യുന്നത്. സ്വരാജും മുനീറും ഹമാസ് സ്വതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവർ എന്ന് പറയുമ്പോൾ കേരളത്തിലെ യുവാക്കൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

