കളമശേരി സ്‌ഫോടനം; 52 പേർ ചികിത്സ തേടി, ആറുപേരുടെ നില ഗുരുതരം

കൊച്ചി: കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 52 പേർ ചികിത്സ തേടി. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ ഒരാൾ മരണപ്പെടുകയും ചെയ്തു.. 18 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഇതിൽ 10 പേർ കളമശേരി മെഡിക്കൽ കോളേജിലാണ്. ഐസിയുവിൽ ചികിത്സയിലുള്ളതെന്നും ആറുപേരുടെ നില ഗുരുതരമാണെന്നും മന്ത്രി അറിയിച്ചു.

ചികിത്സ തേടിയ മൂന്നുപേരുടെ പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഡിസ്ചാർജ് ചെയ്തു തൃശൂർ, കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ബേൺസ് വിഭാഗത്തിലെ വിദഗ്ധ സംഘം എത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, പൊള്ളലേറ്റവർ ചികിത്സയിലുള്ള ആശുപത്രികളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. കളമശേരി സ്ഫോടനത്തിൽ വിവിധ ആശുപത്രികളിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് സെക്കന്ററിതലത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ മെഡിക്കൽ ബോർഡിന്റെ നിർദേശ പ്രകാരം സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. പൊള്ളലേറ്റവർക്ക് അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം.

വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് 14 അംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർ, കോട്ടയം, തൃശൂർ, കളമശേരി മെഡിക്കൽ കോളേജുകൾ, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടുന്നതാണ് മെഡിക്കൽ ബോർഡ്.