വാക്കുകൾ തെറ്റായാണ് വ്യാഖ്യാനിച്ചത്; വിമർശനത്തിന് പിന്നാലെ പരാമർശം തിരുത്തി ആന്റോണിയോ ഗുട്ടറസ്

ന്യൂയോർക്ക്: ഹമാസിന്റെ ആക്രമണം ശൂന്യതയിൽ നിന്നും ഉണ്ടായ ഒന്നല്ല എന്ന പ്രസ്താവന തിരുത്തി യു എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ്. പരാമർശത്തിനെതിരെ വിമർശനം കനത്തതോടെയാണ് അദ്ദേഹം തിരുത്തലുമായി രംഗത്തെത്തിയത്. തന്റെ വാക്കുകൾ തെറ്റായാണ് പലരും വ്യാഖ്യാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഹമാസിന്റെ ആക്രമണത്തെ താൻ ന്യായീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹമാസിന്റെ ആക്രമണത്തിന് പകരമായി ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലയെ ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം അറിയിച്ചു. യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉടൻ രാജി വച്ചൊഴിയണമെന്നായിരുന്നു ഇസ്രയേൽ വ്യക്തമാക്കിയിരുന്നത്. ഹമാസിനെ ന്യായീകരിക്കുന്ന രീതിയിൽ സംസാരിച്ച അന്റോണിയോ ഗുട്ടെറസ് രാജിവെയ്ക്കണമെന്നായിരുന്നു ഇസ്രയേൽ മുന്നോട്ടുവെച്ചിരുന്ന ആവശ്യം. കുട്ടികളുടെയും, സ്ത്രീകളുടെയും, മുതിർന്നവരുടെയും കൂട്ടക്കരുതി എന്ന പ്രചാരണത്തോട് അനുഭാവം കാട്ടുന്ന സെക്രട്ടറി ജനറൽ യുഎന്നിനെ നയിക്കാൻ യോഗ്യനല്ലെന്ന് ഇസ്രയേലിന്റെ യുഎന്നിലെ അംബാസഡർ ഗിലാദ് എർദാൻ അറിയിച്ചു. ഇസ്രയേൽ പൗരന്മാർക്കും, ജൂതജനതയ്ക്കും എതിരായ ഭീകരാക്രമണങ്ങളോട് അനുകമ്പ കാട്ടുന്നവരോട് സംസാരിക്കുന്നതിൽ ന്യായമില്ലെന്നും അദ്ദേഹം അറിയിച്ചു.

ഹമാസിന്റെ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായത് അല്ലെന്നായിരുന്നു അന്റോണിയ ഗുട്ടെറസിന്റെ പ്രസ്താവന. ഹമാസിന്റെ ആക്രമണങ്ങൾ ഒരു ശൂന്യതയിലല്ല സംഭവിച്ചതെന്ന് തിരിച്ചറിയേണ്ടതും പ്രധാനമാണ്. ഫലസ്തീൻ ജനത 56 വർഷമായി ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരാകുന്നുവെന്ന് ഗുട്ടെറസ് വ്യക്തമാക്കി. തങ്ങളുടെ ഭൂമി ഒത്തുതീർപ്പിൽ കൂടിയും ആക്രമണത്തിൽ കൂടിയും വീതംവെക്കുന്നത് അവർ കണ്ടു. അവരുടെ സമ്പദ് വ്യവസ്ഥ സ്തംഭിച്ചു. ജനങ്ങൾ കുടിയിറക്കപ്പെട്ടു, അവരുടെ വീടുകൾ തകർക്കപ്പെട്ടു. രാഷ്ട്രീയപരമായ പരിഹാരം ഉണ്ടാകും എന്ന അവരുടെ പ്രതീക്ഷകൾ അസ്തമിച്ചുവെന്നും ഗുട്ടെറസ് വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്.

പലസ്തീൻ ജനതയുടെ ദുരിതങ്ങൾക്ക് ഹമാസിന്റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേ സമയംതന്നെ ആ ആക്രമണത്തിന്റെ പേരിൽ ഒരു ഭീകരാക്രമണത്തിന്റെ പേരിൽ പലസ്തീൻ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനേയും ന്യായീകരിക്കാനാകില്ല. ഇസ്രയേൽ അന്താരാഷ്ട്ര നിയമം ലംഘിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ നഗ്നമായ ലംഘനത്തിനാണ് ഗാസയിൽ നാം സാക്ഷ്യം വഹിച്ചത്. ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഒരുകാര്യം വ്യക്തമായി പറയാൻ ഉദ്ദേശിക്കുന്നു. സായുധപോരാട്ടത്തിൽ അന്താരാഷ്ട്ര മാനുഷികനിയമത്തിനു മുന്നിൽ ഒരു കക്ഷിയും അതീതരല്ലെന്നും അദ്ദേഹം അറിയിച്ചു.