ന്യൂഡൽഹി: ഗാസയിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി ഇന്ത്യ. ഇസ്രയേൽ-ഹമാസ് സംഘർഷം തുടരുന്നതിനിടെയാണ് യുദ്ധക്കെടുതി പേറുന്ന ഗാസയ്ക്ക് ഇന്ത്യ സഹായ ഹസ്തം നൽകിയത്. 38.5 ടൺ മെഡിക്കൽ-ദുരന്ത നിവാരണ സാമഗ്രികളാണ് വ്യോമസേന വിമാനത്തിൽ കയറ്റി അയച്ചത്. 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരിതാശ്വാസ സാമഗ്രികളുമാണ് ഇന്ത്യ എത്തിക്കുന്നത്.
പലസ്തീനിലെ ജനങ്ങൾക്കായി 6.5 ടൺ മെഡിക്കൽ സഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമായി വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനം ഈജിപ്തിലെ അൽഹരീഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ജീവൻരക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിനുകൾ, ശുചീകരണ വസ്തുക്കൾ, ജല ശുദ്ധീകരണ ടാബ്ലറ്റുകൾ തുടങ്ങിയ വസ്തുക്കൾ എന്നിവ ഉൾപ്പെടെയാണ് ഇന്ത്യ അയച്ചിട്ടുള്ളത്. പലസ്തീൻ ജനതയ്ക്ക് ഇന്ത്യ നൽകിയ സമ്മാനമാണിതെന്ന് പായ്ക്കറ്റുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

