ലൈഫ് മിഷൻ കള്ളപ്പണ കേസ്; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ്

കൊച്ചി: ലൈഫ് മിഷൻ കള്ളപ്പണ കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികളുടെ 5.38 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. ഏഴാം പ്രതി യുണിടാക്ക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തും രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവും കണ്ടുകെട്ടിയെന്ന് അധികൃതർ അറിയിച്ചു.

ലൈഫ് മിഷൻ പദ്ധതി ഇടപാടുമായി ബന്ധപ്പെട്ട്, കോഴയായി കോടികൾ കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് കേസ്. ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി യുഎഇ റെഡ് ക്രസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി കമ്മീഷൻ നൽകിയെന്ന് സന്തോഷ് ഈപ്പൻ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്.