തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിണറായി വിജയൻ നാണംകെട്ട ‘രാഷ്ട്രീയ കച്ചവടക്കാരൻ’ ആണെന്ന് അദ്ദേഹം പറഞ്ഞു. കർണാടക തിരഞ്ഞെടുപ്പിന്റെ സമയത്ത് പിണറായി വിജയൻ ബിജെപിക്ക് ദല്ലാൾ പണിയെടുക്കുകയായിരുന്നു എന്ന് എച്ച് ഡി ദേവഗൗഡ വ്യക്തമാക്കിയിരിക്കുന്നു.
ബിജെപിയെയും സിപിഎമ്മിനെയും തരാതരം പോലെ വ്യക്തിഗത താത്പര്യങ്ങൾക്ക് ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയത്തെ ബിസിനസ് ആക്കി മാറ്റിയിരിക്കുകയാണ് പിണറായി. കവല പ്രസംഗത്തിൽ ബിജെപിക്കെതിരെ ഘോരഘോരം വാദിക്കുകയും അടുക്കളയിൽ അവരോടൊപ്പം ചങ്ങാത്തം കൂടുകയും ചെയ്യുന്ന നാണംകെട്ട രാഷ്ട്രീയമാണ് പിണറായി കേരളത്തിൽ കാണിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
തന്റെയും മകളുടെയും കുടുംബത്തിന്റെയും കച്ചവട താൽപര്യങ്ങൾക്ക് വേണ്ടി സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ തന്നെ പിണറായി വിജയൻ ബലി കഴിച്ചിരിക്കുന്നു.സംസ്ഥാനത്തിന്റെ താൽപര്യങ്ങളോ പൊതുജനങ്ങളുടെ താൽപര്യങ്ങളോ പരിഗണിക്കാതെ ‘കമഴ്ന്നു വീണാൽ കാൽ പണം’ എന്ന ശൈലിയിൽ തൊടുന്നതിൽ എല്ലാം വ്യക്തിഗത സാമ്പത്തിക ലാഭം നോക്കുന്ന രാഷ്ട്രീയത്തിലെ ‘വ്യവസായി ‘യാണ് പിണറായി .ആ അഴിമതികൾക്കെല്ലാം കുടപിടിക്കാൻ നരേന്ദ്രമോദിയുടെ വിനീത വിധേയനായി നട്ടെല്ല് വളച്ചു നിൽക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും അദ്ദേഹം പരിഹസിച്ചു.
‘ചാടി കളിക്കെടാ കുഞ്ഞിരാമാ ‘ എന്ന് മോദി പറഞ്ഞാൽ തലകുത്തി മറിയുന്ന കുഞ്ഞിരാമനായി കേരള മുഖ്യമന്ത്രി മാറിയിരിക്കുന്നു. ഇതിനൊക്കെ പ്രത്യുപകാരമായി, മുഴുവൻ അഴിമതി കേസുകളിലും പിണറായി വിജയനെ ചോദ്യം ചെയ്യാൻ പോലും തയ്യാറാകാതെ സംരക്ഷിക്കുന്ന നിലപാടുകൾ നരേന്ദ്രമോദിയുടെ സർക്കാരും സ്വീകരിച്ചിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിലും മതേതരത്വത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന മുഴുവൻ ഇന്ത്യക്കാരും കർണാടകയിൽ കോൺഗ്രസിന്റെ വിജയത്തിനു വേണ്ടി പണിയെടുത്തപ്പോൾ അവിടെ പോയി ബിജെപിക്ക് വിടുപണി ചെയ്ത വിജയനെ ചോദ്യം ചെയ്യാൻ സിപിഎമ്മിൽ നട്ടെല്ലുള്ള ഒരു തലമുറ ജനിക്കേണ്ടിയിരിക്കുന്നു. വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ പാർട്ടി യഥാർത്ഥത്തിൽ ആർക്കൊപ്പമാണ് നിൽക്കാൻ പോകുന്നതെന്ന് പൊതുജനത്തിന് മനസ്സിലായിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള 20 സീറ്റുകളിലും പിണറായി-ബിജെപി രഹസ്യ സഖ്യത്തെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാർത്ഥികളെ പാർലമെന്റിലേക്ക് അയച്ചുകൊണ്ട് , നരേന്ദ്രമോദിയുടെ കാൽച്ചുവട്ടിൽ ചുരുണ്ടു കിടക്കുന്ന പിണറായിക്ക് കേരളം മറുപടി കൊടുക്കണമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

