കൊല്ലം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാർ കേരളത്തിൽ കേന്ദ്രപദ്ധതികൾ അട്ടിമറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ബിജെപി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം വിഹിതം നൽകാത്തതുകൊണ്ട് തൊഴിലുറപ്പ് പദ്ധതി കേരളത്തിൽ നിലച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാരിന്റെ ഈ അനാസ്ഥയാണ് ജൽജീവൻ മിഷൻ പല സ്ഥലത്തും മുടങ്ങാൻ കാരണം. ആധുനിക സൗകര്യമുള്ള ബോട്ടുകൾ മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്രസർക്കാർ അനുവദിച്ചിട്ടും സംസ്ഥാനവിഹിതം നൽകാത്തതിന്റെ പേരിൽ കേരളത്തിലെ കടലിൽ ഇറക്കാൻ സാധിക്കുന്നില്ല. ഈ-ബസുകൾ മറ്റ് സംസ്ഥാനങ്ങൾ ഏറ്റുവാങ്ങിയപ്പോൾ വിഹിതം കൊടുക്കാനില്ലാത്തതിനാൽ കേരളം വാങ്ങുന്നില്ല. നഗരപ്രദേശങ്ങളിൽ ഗതാഗതകുരിക്കിൽ നിന്നും മോചനം കിട്ടാൻ വേണ്ടിയാണ് കേന്ദ്രം മികച്ച സൗകര്യങ്ങളുള്ള ഇ-ബസ് അനുവദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ധനമന്ത്രി പറയുന്നത് ഇവിടെ ഒന്നിനും ട്രഷറിയിൽ പണം ഇല്ലെന്നാണ്. പണമില്ലെങ്കിൽ രാജിവെച്ച് പുറത്തുപോകണം. സെക്രട്ടറിയേറ്റിൽ ഫയലുകൾ കെട്ടികിടക്കുകയാണ്. സമ്പൂർണ ഭരണസ്തംഭനമാണ് കേരളത്തിലുള്ളത്. ഇവിടെ നടക്കുന്നത് അഴിമതിയും മാസപ്പടി വാങ്ങലും മാത്രമാണ്. ഉച്ചകഞ്ഞി കൊടുക്കാൻ പണമില്ലാത്ത അവസ്ഥയിലാണ് കേരളീയം എന്ന പേരിൽ കോടികൾ സർക്കാർ പൊടിപൊടിക്കുന്നത്. ലോക കേരളസഭ എന്ന് പറഞ്ഞ് കുറേ കോടികൾ പൊടിച്ചവരാണിവരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാധാരണക്കാരുടെ അത്താണിയായ സഹകരണ പ്രസ്ഥാനങ്ങളെയും സർക്കാർ നശിപ്പിക്കുകയാണ്. കേരളം ഭരിക്കുന്നതുകൊള്ളക്കാരാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിന് ബിജെപിയും എൻഡിഎയും നേതൃത്വം നൽകും. ഒക്ടോബർ 30 ന് ഒരു ലക്ഷം പേരെ സംഘടിപ്പിച്ച് നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം ഇതിന്റെ തുടക്കമാവുമെന്നും സുരേന്ദ്രൻ അറിയിച്ചു.
കൊള്ളയും അഴിമതിയും പീഡനവും ആശുപത്രികളിൽ മരുന്നില്ലാത്ത അവസ്ഥയും വെള്ളപ്പൊക്കവും വിലകയറ്റവും കാരണം ജനങ്ങൾ വലയുമ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നാട് കാണാൻ ഇറങ്ങുന്നത്. വെറും പ്രഹസനമാണ് മുഖ്യമന്ത്രിയുടെ കേരളയാത്ര. മുഖ്യമന്ത്രിയോടും മന്ത്രിമാരോടും ചോദിക്കാനുള്ള ചോദ്യങ്ങളുമായി 2,000 കേന്ദ്രങ്ങളിൽ എൻഡിഎ പ്രവർത്തകർ ജനങ്ങളെ കാണും. പ്രതിപക്ഷമാണോ ഭരണപക്ഷമാണോ വിഡി സതീശൻ എന്ന് മനസിലാവുന്നില്ല. സഹകരണകൊള്ളയിൽ സംസ്ഥാനത്തിനെതിരെ സമരം ചെയ്യേണ്ട സതീശൻ കേന്ദ്രത്തിനെതിരെ സമരം ചെയ്യുകയാണ്. ആളെ പറ്റിക്കാൻ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്ന സതീശൻ ആവശ്യമുള്ള സമയത്ത് പിണറായി വിജയനെ രക്ഷിക്കും. പൊതു സോഫ്റ്റ് വെയർ കൊണ്ടു വന്ന് സഹകരണ മേഖലയെ രക്ഷിക്കാൻ സതീശൻ ആവശ്യപ്പെടാത്തത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ ഭാഗമായാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

