ചരിത്ര നിമിഷം; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ആദ്യ കപ്പലിന് ഔദ്യോഗിക സ്വീകരണം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിന് വൻ വരവേൽപ്പ് നൽകി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകി. ചൈനീസ് കപ്പലായ ഷെൻഹുവ 15നെ പിണറായി വിജയൻ പതാക വീശി സ്വീകരിച്ചു.

വിഴിഞ്ഞം വാർഫിലേക്കു കപ്പൽ അടുപ്പിച്ചു. വാട്ടർ സല്യൂട്ടിന്റെ അകമ്പടിയോടെയാണ് കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചത്. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. കേന്ദ്ര തുറമുഖ വകുപ്പു മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യഅതിഥിയായി.

കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരൻ, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, റവന്യു വകുപ്പ് മന്ത്രിയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗവുമായ കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ശശി തരൂർ എംപി, എം വിൻസെന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ വി വേണു, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സിഇഒ രാജേഷ് ഝാ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കാളികളായി.

നിറഞ്ഞ സന്തോഷവും അഭിമാനവുമുണ്ടെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അസാധ്യം എന്നൊരു വാക്ക് കേരളത്തിനുല്ലെന്ന് തെളിഞ്ഞു. ഇത് പോലെയുള്ള 8 കപ്പലുകൾ കൂടി ഇനി അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞം തുറമുറത്തേക്ക് വരും. ആറ് മാസത്തിനുള്ളിൽ കമ്മീഷനിംഗ് എന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.