ചെന്നൈ: നാഗപട്ടണം-കാങ്കേശൻതുറ കപ്പൽ സർവീസ് ആരംഭിച്ചതോടെ ഇന്ത്യയിൽ വേരുകളുള്ള ശ്രീലങ്കൻ തമിഴരുടെ ഏറെക്കാലത്തെ സ്വപ്നമാണ് യാഥാർഥ്യമായത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വാണിജ്യ-വിനോദസഞ്ചാര മേഖലകൾ ശക്തിപ്പെടുത്താൻ ഈ സർവ്വീസ് സഹായിക്കും.
പുതിയ കപ്പൽ സർവ്വീസ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക, സാംസ്‌കാരിക ബന്ധം ശക്തിപ്പെടാൻ കപ്പൽ സർവീസ് സഹായിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാമേശ്വരത്തു നിന്ന് ശ്രീലങ്കയിലെ തലൈമാന്നാറിലേക്കുള്ള യാത്രാക്കപ്പൽ സർവീസ് പുനരാരംഭിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം വിശദമാക്കി. അതേസമയം, ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തെത്തുടർന്ന് നിർത്തിവെച്ച കപ്പൽ സർവീസ് പുനരാരംഭിക്കുന്നത് ഇരുരാജ്യവും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ നാഴികക്കല്ലാണെന്ന് ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ ചൂണ്ടിക്കാട്ടി.
കപ്പൽ സർവീസ് വേളാങ്കണ്ണി, തിരുനല്ലാർ, നാഗൂർ തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്ക് ശ്രീലങ്കക്കാരുടെ യാത്ര എളുപ്പമാക്കാൻ സഹായിക്കുമെന്നായിരുന്നു കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനേവാൾ പറഞ്ഞത്. തമിഴ്‌നാട് പൊതുമരാമത്തു മന്ത്രി ഇ വി വേലു, നിയമമന്ത്രി എസ് രഘുപതിയും കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.