ഹമാസ് ഭീകരർ ഇസ്രയേൽ ജനങ്ങളോട് കാണിച്ചത് സമാനതകളില്ലാത്ത ക്രൂരത; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

ടെൽ അവീവ്: ഹമാസ് ഭീകരർ ഇസ്രയേൽ ജനങ്ങളോട് കാണിച്ചത് സമാനതകളില്ലാത്ത ക്രൂരത. പൂർണ ഗർഭിണികളെയും പിഞ്ചുകുഞ്ഞുങ്ങളെയും വയോധികരെയും പോലും വെറുതെ വിടാതെയായിരുന്നു ഹമാസിന്റെ ക്രൂരതകൾ. എങ്ങനെയെല്ലാം ക്രൂരത കാണിക്കാം എന്നതിന് തെളിവായിരുന്നു ഓരോ മൃതദേഹവും എന്നാണ് യോസി ലാൻഡൗ എന്ന വ്യക്തി വെളിപ്പെടുത്തുന്നത്. അസ്വാഭാവിക മരണത്തിന് ഇരയാവുന്നവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കുന്ന ജോലിചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹം.

ഹമാസ് ഭീകരരെ തുരത്തിയ ഇടങ്ങളിൽ നിന്ന് മൃതദേഹങ്ങളും ചിന്നിച്ചിതറിയ ശരീരാവശിഷ്ടങ്ങളും ശേഖരിക്കുന്ന ജോലിയിലാണ് ഇദ്ദേഹം ചെയ്യുന്നത്. എവിടെയും മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ചിലത് ചിന്നിച്ചിതറിയ നിലയിലായിരുന്നു. ശരീരഭാഗങ്ങൾ എല്ലാം ശേഖരിച്ച് ശീതീകരിച്ച ട്രക്കുകളിലേക്ക് മാറ്റി. ഒരു വീട്ടിൽ കയറിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഒരു സ്ത്രീയുടെ മൃതദേഹമായിരുന്നു ആ വീട്ടിൽ ഉണ്ടായിരുന്നത്. ഒരുതവണ മാത്രമേ അതിലേക്ക് നോക്കാനായുള്ളൂ. ആ മൃതദേഹത്തിന്റെ വയറുകീറി ഒരു കുഞ്ഞ് പാതി പുറത്തുവന്ന നിലയിലായിരുന്നു. പൊക്കിൾക്കൊടി മുറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കണ്ണീരോടെ പറയുന്നു.

കൈകൾ പിന്നിൽ കെട്ടിയശേഷം ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ഇരുപതിലധികം കുട്ടികളുടെയും നിരവധി സാധാരണക്കാരുടെയും മൃതദേഹങ്ങൾ തങ്ങൾ വീണ്ടെടുത്തുവെന്ന് ഒരു സന്നദ്ധ പ്രവർത്തകൻ അറിയിച്ചു. സ്ത്രീകളുടെ മൃതദേഹങ്ങളിൽ ക്രൂരമായ ലൈംഗികാതിക്രമം നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും ഇവർ വ്യക്തമാക്കുന്നു.