ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കി ഷെന്‍ ഹുവ 15 എന്ന കപ്പല്‍ ഇന്ന് വിഴിഞ്ഞം തുറമുഖത്തെത്തി. പതിറ്റാണ്ടുകളായി കേരളം കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഈ കപ്പല്‍. ഞായറാഴ്ചയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം. രാജ്യത്തെ ചരക്ക് നീക്കത്തിൽ നിർണായക സാന്നിധ്യമായി വിഴിഞ്ഞം മാറുമെന്നാണ് പ്രതീക്ഷ. ലോകത്തെ ഏറ്റവും മികച്ച ക്രെയ്ന്‍ നിര്‍മാതാക്കളായ ഷാന്‍ഗായ് പിഎംസിയുടെ കപ്പലാണിത്. വിഴിഞ്ഞത്തിനാവശ്യമായ പ്രധാനപ്പെട്ട ക്രെയ്‌നുകളാണ് ഈ കപ്പലിലുള്ളത്.
ഒരു ഷിപ്പ് ടു ഷോര്‍ ക്രെയ്ന്‍, രണ്ട് യാര്‍ഡ് ക്രെയിനുകള്‍ എന്നിവയാണവ. കപ്പലില്‍ നിന്ന് യാര്‍ഡിലേക്ക് കണ്ടെയ്‌നറുകള്‍ എടുത്തു വയ്ക്കുന്നതിന് വേണ്ടിയാണ് ഷിപ്പ് ടു ക്രെയ്ന്‍. തുറമുഖത്തിനകത്തെ കണ്ടെയ്‌നര്‍ നീക്കത്തിന് വേണ്ടിയാണ് യാര്‍ഡ് ക്രെയ്‌നുകള്‍. ക്രെയ്‌നുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയാല്‍ പിന്നെ ആറ് മാസം പരീക്ഷണകാലമാണ്. ഷാന്‍ഗായ് പിഎംസിക്കാണ് ഇക്കാലളവില്‍ ക്രെയ്‌നുകളുടെ പ്രവര്‍ത്തനച്ചുമതല. പിന്നീട് അദാനി ഗ്രൂപ്പ് ഓപ്പറേഷന്‍ ചുമതല ഏറ്റെടുക്കും. 600 ജീവനക്കാര്‍ തുറമുഖത്തുണ്ടാകും. കമ്മീഷനിംഗോടെ സുരക്ഷ ചുമതല സിഐഎസ്എഫ് ഏറ്റെടുക്കും. മെയ് മാസത്തില്‍ കമ്മീഷനിംഗിനു പിന്നാലെ ചരക്ക് കപ്പലുകള്‍ വിഴിഞ്ഞത്തെത്തും.
ഇന്ന് എത്തിച്ചെർന്ന കപ്പലിന് വാട്ടർ സല്യൂട്ട് നൽകിയാണ് തുറമുഖ പദ്ധതി പ്രദേശത്തേക്കു എത്തിച്ചത്.സാങ്കേതിക വശങ്ങൾ എല്ലാം പരിശോധിച്ച ശേഷമായിരിക്കും 15 നു ഔദ്യോഗികമായി സ്വീകരിക്കുക.ബർത്തിനു സമീപം നിർമ്മിക്കുന്ന കൂറ്റൻ പന്തലിലാണ് 15ന് സ്വീകരണച്ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേന്ദ്ര തുറമുഖം മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. മന്ത്രി അഹമ്മദ് ദേവർ കോവിൽ അധ്യക്ഷതവഹിക്കും. ഇന്നലെ മന്ത്രിയുടെ നേതൃത്വത്തിൽ തുറമുഖം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയിട്ടുണ്ട്.

