സിറിയയിലെ വിമാനത്താവളങ്ങൾക്കു നേരെ വ്യോമാക്രണം; പിന്നിൽ ഇസ്രയേലെന്ന് റിപ്പോർട്ട്

ഡമാസ്‌കസ്: സിറിയയിലെ രണ്ടു പ്രധാന വിമാനത്താവളങ്ങൾക്കു നേരെ വ്യോമാക്രണം. ഹമാസ്-ഇസ്രയേൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് സിറിയയിലെ പ്രധാന വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്. ആലപ്പോ, ഡമാസ്‌കസ് രാജ്യാന്തര വിമാനത്താവളങ്ങളിലാണ് ആക്രമണം നടന്നത്. വ്യോമാക്രമണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സിറിയയിലെ ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിമാനത്താവളങ്ങളിലെ റൺവേയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തെതുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ആലപ്പോ വിമാനത്താവളത്തിലെ ആക്രമണത്തിൽ നാശനഷ്ടമുണ്ടായെങ്കിലും ജീവഹാനിയുണ്ടായിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. ഇസ്രയേലിനെതിരെ സിറിയൻ വ്യോമസേന പ്രത്യാക്രമണം ആരംഭിച്ചെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

നൂറുകണക്കിന് വ്യോമാക്രമണങ്ങളാണ് ഇസ്രയേൽ 12 വർഷത്തെ സിറിയൻ ആഭ്യന്തര യുദ്ധത്തിനിടെ ഇറാൻ പിന്തുണയുള്ള സായുധ സംഘടനകളെയും ഹിസ്ബുള്ളയെയും ലക്ഷ്യംവെച്ച് നടത്തിയിട്ടുള്ളത്. ഗാസ മുനമ്പിൽ ഉപരോധം ശക്തിപ്പെടുത്തുന്നതിനിടയിലാണ് ഇസ്രയേൽ സിറിയയ്ക്ക് നേരെ ആക്രമണം നടത്തിയത്.