ന്യൂഡൽഹി: ഇന്ത്യയ്ക്ക് നേരെ ഭീഷണി സന്ദേശവുമായി ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുൻ. പഞ്ചാബിനെ കൈയടക്കാൻ ഇന്ത്യ ശ്രമിച്ചാൽ അതിനു ഹമാസിന്റേതു പോലെയുള്ള മറുപടിയുണ്ടാകുമെന്നാണ് ഭീഷണി. ഇന്ത്യക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുമുള്ള പുതിയ വിഡിയോ സന്ദേശത്തിലാണ് ഇയാൾ ഇത്തരമൊരു ഭീഷണി നടത്തിയിരിക്കുന്നത്.
പന്നുൻ നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്ജെ) മേധാവിയാണ്. സ്വതന്ത്ര സിഖ് രാഷ്ട്രമെന്ന ആശയം മുൻനിർത്തി അമേരിക്ക, കാനഡ, ബ്രിട്ടൻ, എന്നിവിടങ്ങളിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ മുൻപന്തിയിലുള്ള വ്യക്തിയാണ് ഇയാൾ. പലതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പങ്കു തെളിഞ്ഞതിനെ തുടർന്ന് 2020ൽ ഇന്ത്യ പന്നുനിനെ ഭീകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പഞ്ചാബിൽ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിൽ ഉൾപ്പെടെ 22 ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്.
ഇസ്രയേൽ- പലസ്തീൻ സംഘർഷത്തിൽ നിന്ന് ഇന്ത്യ പാഠം പഠിച്ചില്ലെങ്കിൽ ഇതിനു സമാനമായ സാഹചര്യത്തെ ഇന്ത്യ നേരിടുമെന്നാണ് പന്നുൻ പറയുന്നത്. പഞ്ചാബിനെ കൈയടക്കാനാണ് ഇന്ത്യയുടെ ശ്രമമെങ്കിൽ അതിനു മറുപടി ഉണ്ടാകുമെന്നും കലാപത്തെ, കലാപം കൊണ്ടു തന്നെ നേരിടുമെന്നും ഇയാൾ വീഡിയോയിൽ പറയുന്നു.
ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാകും ഇതിന് ഉത്തരവാദി. പഞ്ചാബിനെ തിരഞ്ഞെടുപ്പിലൂടെ മോചിപ്പിക്കും. പഞ്ചാബിന് മോചനം ഉണ്ടാകും. ഏതു തിരഞ്ഞെടുക്കണമെന്ന് ഇന്ത്യയ്ക്കു തീരുമാനിക്കാമെന്നും പന്നുൻ കൂട്ടിച്ചേർത്തു.

