അരൂർ: തുറവൂർ അരൂർ ആകാശപ്പാത നിർമാണ സ്ഥലങ്ങളിൽ കൂടുതൽ ഗതാഗതക്കുരുക്കുള്ള സ്ഥലങ്ങളിൽ ട്രാഫിക് മാർഷൽമാരെ ചുമതലപ്പെടുത്തുന്നു. 16 പേരെയാണ് അരൂർ, കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ട്രാഫിക് മാർഷൽമാരായി നിയോഗിക്കുന്നത്. അരൂർ സ്റ്റേഷൻ പരിധിയിലായിരിക്കും ഇതിൽ 10 പേർക്ക് ഡ്യൂട്ടി.
മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് ജനകീയ രോഷം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ട്രാഫിക് ഡ്യൂട്ടിക്ക് ആളെ നിയമിക്കാൻ തീരുമാനിച്ചത്. അരൂർ, ചന്തിരൂർ, എരമല്ലൂർ ഭാഗങ്ങളിലാണ് ഗതാഗതക്കുരുക്ക് ഏറെ അനുഭവപ്പെടുന്നത്. ഇവിടങ്ങിളിലായിരിക്കും ഇവർക്ക് ഡ്യൂട്ടി.
ഡ്യൂട്ടിക്കു നിയോഗിക്കുന്നത് ആകാശപ്പാത നിർമാണ കമ്പനിയുടെ തൊഴിലാളികളെത്തന്നെയാണ്. അരൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ പി എസ് സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ട്രാഫിക് ഡ്യൂട്ടിക്കാർക്കു പരിശീലനം നൽകിയിട്ടുണ്ട്. ഒരു സ്ഥലത്ത് 2 പേരെ വീതം നിയോഗിക്കും. ഓരോ 2 മണിക്കൂർ കഴിയുമ്പോഴും 2 പേർ വീതം മാറിമാറി നിന്നു ഗതാഗതം നിയന്ത്രിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

