ന്യൂഡൽഹി: വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. ഇതിനായി ഇന്ത്യൻ റെയിൽവേ വിതരണക്കരാർ ഒപ്പുവെച്ചു. റഷ്യൻ സ്ഥാപനമായ മെട്രോവാഗൺമാഷ് (എംഡബ്യുഎം), ലോക്കോമോട്ടീവ് ഇലക്ട്രോണിക് സിസ്റ്റംസ് (എൽഇഎസ്) എന്നിവയുടെ സംയുക്തസംരംഭമായ കിനെറ്റ് റെയിൽവെ സൊലൂഷൻസുമായാണ് റെയിൽവേ കരാറിൽ ഒപ്പുവെച്ചത്.
ഇന്ത്യൻ റെയിൽ വികാസ് നിഗം ലിമിറ്റഡുമായി ചേർന്നായിരിക്കും ഇത് പ്രവർത്തിക്കുക. 120 വന്ദേഭാരത് പാസഞ്ചർ സ്ലീപ്പർ ട്രെയിനുകളുടെ നിർമാണവും പരിപാലനവും കിനെറ്റ് റെയിൽവേ സൊലൂഷൻസായിരിക്കും നിർവഹിക്കുകയെന്നാണ് കരാറിൽ വ്യക്തമാക്കിയിട്ടുള്ളത്. കരാറിലെ നിബന്ധനകൾ പൂർത്തിയാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
കരാർ ഒപ്പിട്ട് രണ്ട് വർഷത്തിനുള്ളിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാൻ കഴിയുമെന്ന് ആർവിഎൻഎൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഈ സംയുക്ത സംരംഭത്തിന്റെ ഭാഗമായ പ്രധാന റഷ്യൻ സ്ഥാപനങ്ങൾക്കെതിരെ യുഎസ് അടുത്തിടെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. വിവിധ റഷ്യൻ സ്ഥാപനങ്ങളെയും രാജ്യത്തിന്റെ വ്യാവസായിക മേഖല, സാമ്പത്തിക സ്ഥാപനങ്ങൾ, സാങ്കേതിവിദ്യ കൈമാറുന്ന സ്ഥാപനങ്ങൾ എന്നിവയെ ഉന്നമിട്ട് സെപ്റ്റംബർ 14-നാണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ദ ട്രെഷറീസ് ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ ഉപരോധം ഏർപ്പെടുത്തിയത്.

