സംസ്ഥാന ചലച്ചിത്ര മേള; വരവു ചെലവുകൾ കണക്കുകൾ തേടി ജിഎസ്ടി വകുപ്പ്

കൊച്ചി: സംസ്ഥാന ചലച്ചിത്ര മേളയുടെ വരവു ചെലവുകൾ കണക്കുകൾ തേടി കേന്ദ്ര ജിഎസ്ടി വകുപ്പ്. സർക്കാർ ഗ്രാൻഡ് അടക്കമുള്ളവ സംബന്ധിച്ച വരവുചെലവ് കണക്കുകളാണ് കേന്ദ്രം ആവശ്യപ്പെട്ടത്. അഞ്ചുവർഷത്തെ കണക്കുകൾ ലഭ്യമാക്കാനാണ് ചലച്ചിത്ര അക്കാദമിക്ക് നിർദേശം നൽകിയിരിക്കുന്നത്.

ചലച്ചിത്ര അക്കാദമി നികുതി അടയ്ക്കുന്നില്ലെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ് കണ്ടെത്തി. നികുതി അടയ്ക്കാൻ ആവശ്യപ്പെട്ട് നേരത്തെ കണക്കുകൾ തേടി കത്ത് നൽകിയിരുന്നു. ഈ കത്തിന് വ്യക്തമായ മറുപടി നൽകാനും പൂർണ്ണമായ കണക്കുകൾ കൈമാറാനും ചലച്ചിത്ര അക്കാദമി തയ്യാറായിരുന്നില്ല. നികുതിയടച്ചാൽ പിഴയൊഴിവാക്കുമെന്നും കേന്ദ്ര ജിഎസ്ടി വകുപ്പ് വ്യക്തമാക്കി.

ടിക്കറ്റിന് അടയ്ക്കേണ്ടത് 18% നികുതിയാണ്. ആ നിരക്കിലാണെങ്കിൽ കോടിക്കണക്കിന് രൂപ നികുതി കുടിശ്ശികയുണ്ടാകും. ഈ നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടാണ് കത്ത്. ഇതിനായി രേഖകൾ പരിശോധിക്കാനും നികുതി തിട്ടപ്പെടുത്താനുമാണ് വരവുചെലവ് കണക്കുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അക്കാദമിക്ക് സർക്കാർ ഗ്രാൻറായി ലഭിച്ചത്. 60 കോടിയോളം രൂപയാണ് ഈ പണം എങ്ങനെ ചെലവഴിച്ചു, ടിക്കറ്റ് നിരക്കിലൂടെ എത്രരൂപ സമ്പാദിച്ചു, തീയറ്ററുകളിൽനിന്ന് എത്ര രൂപയുടെ വരുമാനം ഉണ്ടായി എന്നീ കാര്യങ്ങളിലാണ് കേന്ദ്രം കണക്ക് ആവശ്യപ്പെട്ടത്.