ന്യൂഡൽഹി: ഇന്ത്യയ്ക്ക് അഭിമാന നേട്ടം. 91 ഇന്ത്യൻ സർവകലാശാലകളാണ് 2024ലെ വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് പട്ടികയിൽ ഇത്തവണ ഇടംനേടിയത്. യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൈംസ് ഹയർ എജ്യുക്കേഷൻ (ടിഎച്ച്ഇ) മാഗസിൻ പുറത്തുവിട്ട പട്ടികയിലാണ് 91 ഇന്ത്യൻ സർവകലാശാലകൾ സ്ഥാനം നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രാജ്യം ഇത്തവണ റാങ്കിംഗ് മെച്ചപ്പെടുത്തുകയും ചെയ്തു.
ബംഗളൂവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനെയാണ് ഇന്ത്യയിൽ നിന്നുള്ള ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി തിരഞ്ഞെടുത്തത്. കഴിഞ്ഞ തവണ പട്ടികയിൽ ഇടംപിടിച്ചത് 75 വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമായിരുന്നു.2024ലെ ലോക സർവകലാശാല റാങ്കിംഗിൽ ഏറ്റവും മികച്ച നാലാമത്തെ രാജ്യമായാണ് ഇന്ത്യ മാറിയത്. ആറാം സ്ഥാനത്തായിരുന്നു കഴിഞ്ഞ വർഷം ഇന്ത്യ ഉണ്ടായിരുന്നത്.
അണ്ണാ യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, ശൂലിനി യൂണിവേഴ്‌സിറ്റി ഓഫ് ബയോടെക്നോളജി ആൻഡ് മാനേജ്മെന്റ് സയൻസസ് എന്നിവയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിന് തൊട്ടുപിന്നിൽ ഇടം നേടിയിട്ടുള്ളത്. അതേസമയം, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റ് കോട്ടയത്തേത് തന്നെയാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല.