ചന്ദ്രയാൻ 3; ലാൻഡറും റോവറും ഇനി ഉണർന്നേക്കില്ല

തിരുവനന്തപുരം: ചന്ദ്രയാൻ 3 ദൗത്യത്തിലെ ലാൻഡറും റോവറും ഇനി ഉണർന്നേക്കില്ല. ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ നേടിയ ലാൻഡറും റോവറും സെപ്തംബർ രണ്ടിന് കാലാവധി പൂർത്തിയാക്കിയിരുന്നു. 22ന് വീണ്ടും ഇവ ഉണർന്നാൽ അത് രാജ്യത്തിന് വലിയ നേട്ടമാകുമായിരുന്നു. എന്നാൽ, സ്ലീപ് മോഡിലുള്ള വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിക്കുന്നില്ല.

ഓരോ മണിക്കൂർ കഴിയുന്തോറും അതിനുള്ള സാദ്ധ്യത മങ്ങുകയാണെന്നാണ് വിവരം. ദൗത്യം രൂപകൽപ്പന ചെയ്തത് ഭൂമിയിലെ ഒരു ചാന്ദ്രപക്ഷമായ 14 ദിവസം പ്രവർത്തിക്കാനാണ്. ലാൻഡറും റോവറും ഇരിക്കുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചാൽ ഇവ ഉണർന്നേക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഐഎസ്ആർഒ. ചന്ദ്രയാൻ 3 അതിന്റെ ശാസ്ത്രലക്ഷ്യം പൂർത്തിയാക്കിയതോടെ ചന്ദ്രനിലെ സൂര്യാസ്തമയത്തിന് മുന്നോടിയായി ഉപകരണങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ച് സ്ലീപ്പ് മോഡിലേക്ക് മാറ്റി. ദൗത്യത്തിന്റെ ആയുസ് നീട്ടാനായിരുന്നു ഇത്.

വിക്രം, പ്രജ്ഞാൻ എന്നിവയിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാന്ദ്ര രാത്രിയിലെ ശൈത്യത്തെ അതിജീവിക്കും വിധം രൂപകൽപ്പന ചെയ്തതല്ല. താപനില മൈനസ് 200 ഡിഗ്രിയിൽ താഴെയായി. ഈ കൊടും തണുപ്പിൽ ഇലക്ട്രോണിക് ഉകരണങ്ങൾ മരവിച്ച് നശിക്കാം. എങ്കിലും പേടകം അതിജീവിച്ചേക്കുമെന്നും സെപ്തംബർ 22ന് സൂര്യനുദിക്കുന്നതോടെ പുനരുജ്ജീവിപ്പിക്കാമെന്നുമായിരുന്നു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. എന്നാൽ ഈ പ്രതീക്ഷ നിറവേറിയില്ല.