മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു

മലയാളത്തിന് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ഗായകൻ എംജി ശ്രീകുമാർ ആണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അടുത്ത വർഷം ആരംഭിക്കുന്ന സിനിമയിലൂടെയായിരിക്കും ഈ കൂട്ടുകെട്ട് ഒന്നിക്കുക എന്നാണ് എംജി ശ്രീകുമാർ പറയുന്നത്. ‘ഹരം’ എന്നായിരിക്കും സിനിമയുടെ പേരെന്നാണ് അദ്ദേഹം നൽകുന്ന സൂചന.

ശങ്കർ, മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1984ൽ പുറത്തിറങ്ങിയ ‘പൂച്ചക്കൊരു മൂക്കുത്തി’യാണ് പ്രിയദർശന്റെ ആദ്യ ചിത്രം. 45 സിനിമകളാണ് ഇതുവരെ ഈ ‘സൂപ്പർ കോംബോ’യിൽ പിറന്നിട്ടുള്ളത്. ‘അക്കരെ അക്കരെ അക്കരെ’യിലെ ദാസനും ‘മിഥുന’ത്തിലെ സേതുമാധവനും ‘തേന്മാവിൻ കൊമ്പത്തി’ലെ മാണിക്യനും ‘ചിത്ര’ത്തിലെ വിഷ്ണുവും ‘ചന്ദ്രലേഖ’യിലെ അപ്പുക്കുട്ടൻ നായരുമൊന്നും ഇന്നോളം മലയാളി പ്രേക്ഷരുടെ ആസ്വാദന ഹൃദയത്തെ വിട്ടുപോകാത്തവരാണ്. പ്രിയദർശൻ തെലുങ്കിൽ ഒരുക്കിയ ‘ഗന്ധീവ’ത്തിൽ മോഹൻലാൽ അതിഥി താരമായി. ‘നമ്പർ 20 മദ്രാസ് മെയിൽ’, ‘ടി പി ബാലഗോപാലൻ എം എ’ എന്നീ മോഹൻലാൽ ചിത്രങ്ങളിൽ പ്രിയൻ അതിഥി വേഷം അവതരിപ്പിച്ചു.

2021ൽ ചിത്രത്തിന്റെ പ്രൊമോഷനിടെ ‘ബറോസ്’ പൂർത്തിയാക്കിയാൽ മോഹൻലാലിനൊപ്പം സ്പോർട്സ് ഡ്രാമ ഒരുക്കുമെന്ന് പ്രിയദർശൻ അറിയിച്ചിരുന്നു. അതേ ചിത്രമാകും ‘ഹരം’ എന്നാണ് സൂചന.മോഹൻലാൽ-പ്രിയൻ കൂട്ടുകെട്ടിന്റെ സിനിമകളിലെ ഹിറ്റ് ഗാനങ്ങളിൽ പലതും ആലപിച്ചത് എം ജി ശ്രീകുമാറാണ്. ഒപ്പം പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ ഒരു മരുഭൂമി കഥ എന്ന സിനിമയ്ക്ക് സംഗീതം ഒരുക്കിയതും എംജി ശ്രീകുമാറായിരുന്നു. മൂവരും വീണ്ടും ഒന്നിക്കുന്നു എന്നത് സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്

                                    .