ഒബിസി സ്ത്രീകൾക്ക് സംവരണമില്ലാത്ത ബിൽ അപൂർണ്ണം; രാഹുൽ ഗാന്ധി

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ, ബില്ലിൽ ഒബിസി സംവരണം ഉൾപ്പെടുത്തുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഒബിസി സ്ത്രീകൾക്ക് സംവരണമില്ലാത്ത ബിൽ അപൂർണ്ണമാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

രാജ്യത്തെ പ്രധാനപ്പെട്ട ജനവിഭാഗത്തിന്റെ പ്രാതിനിധ്യ കണക്കുകൾ കണ്ട് താൻ ഞെട്ടിയെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ജനവിഭാഗം ഏതാണെന്നും അദ്ദേഹം ചോദിക്കുന്നു.

ഈ രാജ്യം എങ്ങനെ ഭരിക്കപ്പെടണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. 90 സെക്രട്ടറിമാർക്കാണ് ഇന്ത്യാ സർക്കാരിനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തമുള്ളത്. ഈ 90-ൽ എത്ര ഒബിസിക്കാർ ഉണ്ടെന്ന് അറിയുമോ. 90 സെക്രട്ടറിമാരിൽ 3 പേർ മാത്രമാണ് ഒബിസി വിഭാഗത്തിൽ നിന്നുള്ളതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാഹുലിന്റെ പരാമർശത്തിന് മറുപടിയുമായി രംഗത്തെത്തി. രാജ്യം ഭരിക്കുന്നത് സെക്രട്ടറിമാരല്ല, സർക്കാരാണെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയത്. രാജ്യം ഭരിക്കുന്നത് സെക്രട്ടറിമാരാണെന്നാണ് ഇവർ കരുതുന്നത്. എന്നാൽ സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്നാണ് താൻ കരുതുന്നത്. ബിജെപിയുടെ 85 എംപിമാർ ഒബിസി വിഭാഗത്തിൽ നിന്നുള്ളവരാണ്. 29 ഒബിസി മന്ത്രിമാരേയും ഒരു ഒബിസി പ്രധാനമന്ത്രിയേയും നൽകിയത് ബിജെപിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.