തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ അന്വേഷണം വിപുലമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണം കേരള ബാങ്കിലേക്കും ഇ ഡി വ്യാപിപ്പിച്ചു. കേരള ബാങ്ക് വൈസ് പ്രസിഡന്റും തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം കെ കണ്ണനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ ആറിടത്തും എറണാകുളം ജില്ലയിൽ ഒരു സ്ഥലത്തും എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തുകയും ചെയ്തു.
തൃശൂർ ജില്ലാ സഹകരണ ബാങ്ക്, അയ്യന്തോൾ സഹകരണ ബാങ്ക്, പി സതീഷ് കുമാറിന്റെ ബെനാമിയായ ദീപക്കിന്റെ കൊച്ചിയിലെ വസതി തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. തൃശ്ശൂരിലെ എസ് ടി ജ്വല്ലറിയിലും ഇഡി റെയ്ഡ് നടത്തി. കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാടയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
കരവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ പി സതീഷ് കുമാർ നടത്തിയത് 500 കോടിയുടെ തട്ടിപ്പാണെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. സതീഷ്‌കുമാർ ചില പ്രമുഖരുടെ മാനേജർ മാത്രമെന്നും ഇഡി അറിയിച്ചു. അതേസമയം, കരുവന്നൂർ തട്ടിപ്പിൽ മുൻ എം പി പി കെ ബിജു ഇ ഡി ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടീസ് നൽകുമെന്നാണ് വിവരം.

