തിരുവനന്തപുരം: മിഡിൽ ഈസ്റ്റിനെയും യൂറോപ്പിനെയും ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴിയെ സംബന്ധിച്ച് വ്യക്തമാക്കി കേന്ദ്ര മന്ത്രി എസ് ജയശങ്കർ. ഇടനാഴിയ്ക്ക് മറ്റു ലക്ഷ്യങ്ങളോ താൽപര്യങ്ങളോയില്ലെന്നും വാണിജ്യാവശ്യങ്ങൾക്ക് വേണ്ടി മാത്രമായിരിക്കും പാത ഉപയോഗിക്കുകയെന്നും ജയശങ്കർ വ്യക്തമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
നേരിട്ടല്ലെങ്കിലും ജി20 ഉച്ചകോടി വാണിജ്യ ഇടനാഴി അടക്കമുള്ള പദ്ധതികൾക്ക് കാരണമായിട്ടുണ്ട്. ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാണുന്ന പദ്ധതിയാണിത്. ഇന്ത്യയിൽനിന്ന് യൂറോപ്പിലേക്ക് അറേബ്യവഴി അമേരിക്കയുടെ സഹായത്തോടെ നിർമിക്കുന്ന പാതക്ക് വളരെ പ്രധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൂർണമായും വാണിജ്യാവശ്യങ്ങൾക്ക് വേണ്ടിമാത്രമായിരിക്കും പാത. അതല്ലാതെ തുറമുഖമോ വിമാനത്താവളമോ മറ്റും നിർമിക്കാനോ ഇടനാഴി ഉപയോഗപ്പെടുത്തില്ല. അറേബ്യൻ രാജ്യങ്ങളുമായി ഏറെ ബന്ധമുള്ള കേരളത്തിലിരുന്നാണ് ഇക്കാര്യം പറയുന്നത്. മിഡിൽ ഈസ്റ്റുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാണ്. അതിനാൽ തന്നെ അറേബ്യൻ പാസേജ് സുഗമമാക്കുന്നതിനൊപ്പം യൂറോപ്പുമായുള്ള ബന്ധത്തിലും മെച്ചമുണ്ടാകും. വലിയ വാണിജ്യ സാധ്യതകൾ തുറന്നുനൽകുമെന്നും കേന്ദ്രമന്ത്രി വിശദമാക്കി.

