നിപ; ശബരിമല തീർത്ഥാടകർക്ക് മാർഗനിർദേശം പുറപ്പെടുവിക്കേണ്ടതുണ്ടോയെന്ന് സർക്കാരിന് തീരുമാനിക്കാമെന്ന് കോടതി

കൊച്ചി: നിപ പ്രതിരോധത്തിന്റെ ഭാഗമായി ശബരിമല തീർത്ഥാടകർക്ക് മാർഗനിർദേശം പുറപ്പെടുവിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. കന്നിമാസ പൂജകൾക്കായി ശബരിമല നട തുറക്കാനിരിക്കെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല നട തുറക്കുന്നത് സെപ്തംബർ 17 നാണ്.

വിഷയം ദേവസ്വം കമ്മീഷണറുമായി കൂടിയാലോചിച്ച് ആവശ്യമായ തീരുമാനമെടുക്കാൻ ആരോഗ്യ സെക്രട്ടറിയ്ക്ക് കോടതി നിർദ്ദേശം നൽകി. അതേസമയം, സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തമിഴ്‌നാടും കർണാടകയും മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും ശക്തമായ നിരീക്ഷണം നടത്തണമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരുന്നു.

നിപ ബാധിത മേഖലയിലേയ്ക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നാണ് കർണാടക സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ, കേരളത്തിൽ നിന്നുള്ള യാത്രകൾക്ക് നിലവിൽ വിലക്കില്ല.