സെയ്ദ് നബീൽ പ്രവർത്തിച്ചിരുന്നത് മലയാളി ഐ എസ് തീവ്രവാദി റാഷിദ് അബ്ദുള്ളയുടെ പിൻഗാമിയായി ; അമേരിക്കൻ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടു.

അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍കൊല്ലപ്പെട്ട മലയാളി ഐ.എസ്. തീവ്രവാദിയുടെ പിന്‍ഗാമിയായാണ് അറസ്റ്റിലായ സെയ്ദ് നബീല്‍ അഹമ്മദ് പ്രവര്‍ത്തിച്ചിരുന്നതെന്നു എന്‍.ഐ.എ. കൊല്ലപ്പെട്ട അബ്ദുള്‍ റാഷിദ് അബ്ദുള്ളയുടെ പിന്‍ഗാമിയായി ഇസ്ലാമിക് സ്‌റ്റേറ്റ് മൊഡ്യൂളിന്റെ കേരള അമീറായി നബീല്‍ എത്തിയെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. തീവ്രവാദികളുടെ ആശയ വിനിമയങ്ങള്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക് വഴിയാണെന്നും എന്‍.ഐ.എ. അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. പെറ്റ് ലവേഴ്‌സ് അടക്കം നിരവധി ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയും ഐ.എസിലേക്കു പുതുതായി തീവ്രവാദ ആശയക്കാരെ എത്തിച്ചു. പല ടെലിഗ്രാം ഗ്രൂപ്പുകളും ചെറിയ കാലയളവില്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത് .തീവ്രവാദി സംഘടനയായ ഐ എസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്നതിനു നേതൃത്വം നല്‍കിയിരുന്ന റാഷിദ് അബ്ദുള്ള ഭീകരപ്രവര്‍ത്തനത്തിനിടെ അമേരിക്കന്‍ െസെന്യത്തിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന ലഭിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഖൊറോസന്‍ പ്രവിശ്യയില്‍ നിന്നുള്ള ഐ.എസിന്റെ ടെലിഗ്രാം സന്ദേശത്തിലാണ് കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ റാഷിദ് കൊല്ലപ്പെട്ടെതന്ന വിവരം പുറത്തുവന്നത്.2016 ജൂണിലാണു റാഷിദ് അബ്ദുള്ള ഉള്‍പ്പെടുന്ന 21 അംഗ സംഘം ഐ.എസില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനില്‍ പോയത്. ഐ.എസിന്റെ കേരള അമീറായി അവരോധിക്കപ്പെട്ട റാഷിദിനു പിന്‍ഗാമിയെ കണ്ടെത്തുകയായിരുന്നു നബീല്‍ അഹമ്മദിലൂടെ ഐ.എസ്. കേരള ഘടകമെന്നാണു എന്‍.ഐ.എ. നിഗമനം.കേരളത്തില്‍ ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടെ പലയിടത്തും സ്‌ഫോടനങ്ങള്‍ നടത്താന്‍ നിരന്തരമായ തയാറെടുപ്പുകള്‍ തീവ്രവാദ സംഘങ്ങള്‍ നടത്തിയിട്ടുണ്ട്. നബീല്‍, ആഷിഫ്, ഷിയാസ് സിദ്ദിഖ് എന്നിവരായിരുന്നു ഐ.എസ്. കേരള മൊഡ്യൂളിന്റെ നേതൃത്വം.അറസ്റ്റിലായ നബീല്‍ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ. കോടതിയിലേക്കു കയറിയതും തിരിച്ചിറങ്ങിയതും ക്യാമറയ്ക്കു മുന്നില്‍ ഐ.എസിന്റെ മുദ്രകള്‍ ഉയര്‍ത്തിക്കാണിച്ചാണ്. വ്യാജരേഖകളില്‍ ചെെന്നെ വിമാനത്താവളം വഴി നേപ്പാളിലേക്കു കടക്കാന്‍ ശ്രമിക്കുമ്പോഴാണു സെയ്ത് നബീല്‍ അഹമ്മദ് പിടിയിലായത്.