ന്യൂഡൽഹി: ബോളിവുഡ് താരം ഗോവിന്ദയെ ചോദ്യം ചെയ്യും. 1,000 കോടി രൂപയുടെ പാൻ-ഇന്ത്യ ഓൺലൈൻ മണിചെയിൻ കുംഭകോണവുമായി ബന്ധപ്പെട്ടാണ് നടപടി. ഒഡീഷ ഇക്കണോമിക് ഒഫൻസസ് വിങ് (ഇ.ഒ.ഡബ്ല്യു) ആണ് ഗോവിന്ദയെ ചോദ്യം ചെയ്യുന്നത്. നിരവധി രാജ്യങ്ങളിൽ ഓൺലൈൻ സാന്നിധ്യമുള്ള സോളാർ ടെക്നോ അലയൻസ് (എസ്ടിഎ-ടോക്കൺ) എന്ന കമ്പനി ക്രിപ്റ്റോ നിക്ഷേപത്തിന്റെ മറവിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുകയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സോളാർ ടെക്നോ അലയൻസിനുവേണ്ടി ഗോവിന്ദ പരസ്യങ്ങളിലൂടെ പ്രചാരണം നടത്തിയിരുന്നു. ഈ കാരണത്താലാണ് ഇഒഡബ്ല്യു ഗോവിന്ദയെ ചോദ്യം ചെയ്യുന്നത്. ജൂലൈ മാസം ഗോവയിൽ വെച്ച് നടന്ന ഒരു ചടങ്ങിൽ ഗോവിന്ദ പങ്കെടുത്തിരുന്നെന്നും ചില വീഡിയോകളിലൂടെ ഈ കമ്പനിക്ക് അനുകൂലമായ പ്രചാരണങ്ങൾ നടത്തിയെന്നും ഇഒഡബ്ല്യു ഇൻസ്‌പെക്ടർ ജനറൽ ജെ എൻ പങ്കജ് നേരത്തെ അറിയിച്ചിരുന്നു.
ഗോവിന്ദ കുറ്റാരോപിതനോ പ്രതിയോ അല്ല. അന്വേഷണത്തിന് ശേഷമേ ഇദ്ദേഹത്തിന്റെ കൃത്യമായ പങ്ക് വ്യക്തമാകൂവെന്നും പങ്കജ് വിശദീകരിച്ചു.

