എ.ആർ.റഹ്മാനെ വിമർശിക്കാൻ ചിലർ കാരണം കാത്തിരിക്കുന്നുവെന്ന് തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. കഴിഞ്ഞ ദിവസം സ്വകാര്യ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ നേതൃത്വത്തിൽ ചെന്നൈയിൽ നടത്തിയ എ.ആർ.റഹ്മാൻ സംഗീത നിശക്കെതിരെ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. പരിപാടിയുടെ നടത്തിപ്പും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിലുമുള്ള വീഴ്ചപറ്റിയെന്ന ആരോപണങ്ങൾ വന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഞാൻ എ.ആർ.റഹ്മാന്റെ സംഗീത നിശയ്ക്ക് പോയിട്ടില്ല. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ കണ്ടു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. അവസാന നിമിഷത്തെ തിരക്കാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കണം. എ.ആർ.റഹ്മാനെ വിമർശിക്കാൻ ചിലർ കാരണങ്ങൾക്കായി കാത്തിരിക്കുകയാണ്. അനിഷ്ട സംഭവത്തിന് പിന്നിലെ യഥാർഥ കാരണം തമിഴ്നാട് സർക്കാർ കണ്ടെത്തി നടപടിയെടുക്കും എന്നുമാണ് ഉദയനിധി പറഞ്ഞത്.
20,000 പേരെ ഉൾക്കൊള്ളാവുന്ന സ്ഥലത്ത് ഏകദേശം 50,000 ത്തോളം ടിക്കറ്റുകൾ വിൽക്കുകയും ആയിരക്കണക്കിന് രൂപ മുടക്കി ടിക്കറ്റ് എടുത്തവർക്ക് പരിപാടി കാണാൻ സാധിച്ചില്ല എന്നുമാണ് ആരോപണം. തിക്കിലും തിരക്കിലും അകപ്പെട്ട് ഒട്ടേറെപ്പേർ കുഴഞ്ഞു വീഴുകയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ ഗതാഗതക്കുരുക്കിൽ അകപ്പെടുകയും ചെയ്തിരുന്നു. സ്ത്രീകൾക്കെതിരെ അക്രമങ്ങൾ നടന്നെന്നുമടക്കം പരാതികൾ ഉയർന്നു വന്നിരുന്നു. എ ആർ റഹ്മാൻ തന്നെ പിന്നീട് ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു.

