പെറ്റ് ലവേഴ്സ് എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ്പ്; കേരളത്തിൽ ഐസിസ് രൂപീകരിക്കാനുള്ള നീക്കത്തിന് തടയിട്ട് എൻഐഎ

തൃശൂർ: കേരളത്തിൽ ഐസിസ് രൂപീകരിക്കാനുള്ള നീക്കത്തിന് തടയിട്ട് ദേശീയ അന്വേഷണ ഏജൻസി. ‘പെറ്റ് ലവേഴ്സ്’ എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ച് സംസ്ഥാനത്ത് ഐസിസ് യൂണിറ്റ് ആരംഭിക്കാനുള്ള പദ്ധതിയാണ് എൻഐഎ പൊളിച്ചത്. ക്രിസ്ത്യൻ മതപണ്ഡിതനെ അപായപ്പെടുത്താനും തൃശൂർ, പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും പദ്ധതി തയ്യാറാക്കിയതായി എൻ ഐ എ അന്വേഷണത്തിൽ കണ്ടെത്തി.

തൃശൂർ സ്വദേശിയായ നബീൽ എന്നയാൾ പിടിയിലായിരുന്നു. ഇയാളിൽ നിന്നാണ് ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചത്. ചെന്നൈയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഖത്തറിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഈ സമയത്താണ് ഐസിസ് ഭീകരരുമായി ഇയാൾ അടുത്തത്. കേരളത്തിലെ യുവാക്കൾക്ക് ഐസിസ് പ്രവർത്തനത്തിന് പരിശീലനം നൽകുന്നതിനായാണ് ടെലിഗ്രാം ഗ്രൂപ്പ് തുടങ്ങിയത്.

വധിക്കാൻ പദ്ധതിയിട്ട ക്രിസ്ത്യൻ മതപണ്ഡിതന്റെ പേര് വിവരങ്ങളടക്കം ഈ ഗ്രൂപ്പിൽ നിന്നാണ് എൻഐഎ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം. കേരളത്തിൽ ആരാധനാലയങ്ങളിൽ ഉൾപ്പെടെ സ്ഫോടനങ്ങൾ നടത്താനും സമുദായ നേതാക്കളെ ആക്രമിക്കാനും ഇയാളുടെ നേതൃത്വത്തിൽ നാലുപേർ പദ്ധതിയിട്ടിരുന്നുവെന്നും കണ്ടെത്തി.