എ സി മൊയ്തീൻ എം എൽ എ ഇ.ഡി ക്ക് മുന്നിൽ ഹാജരായി.ഇന്നത്തെ നിയമസഭാ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കില്ല.

കരുവന്നൂര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീന്‍ എം.എല്‍.എ. ഇ.ഡിയ്ക്ക് മുന്നില്‍ ഹാജരായി. ഇന്ന് പുലര്‍ച്ചെ തൃശൂരില്‍ നിന്നും അദ്ദേഹം കൊച്ചിയില്‍ എത്തുകയായിരുന്നു. രണ്ടു തവണ നോട്ടീസ് നല്‍കിയപ്പോഴും പല തടസ്സങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയ മൊയ്തീന് ഇന്ന് കൂടി ഹാജരായില്ലെങ്കില്‍ അറസ്റ്റ് നേരിടേണ്ടി വരുമായിരുന്നു. മുമ്പു രണ്ടു തവണ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു നോട്ടീസ് നല്‍കിയെങ്കിലും അസൗകര്യമുണ്ടെന്നു കാട്ടി ഒഴിവാകുകയായിരുന്നു. ഹാജരായില്ലെങ്കില്‍ ഒളിച്ചോടിയെന്നാകും പറയുകയെന്നു എ.സി. മൊയ്തീന്‍ വ്യക്തമാക്കിയിരുന്നു.ഇന്നത്തെ നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കില്ല. സാക്ഷികള്‍ക്കു നല്‍കുന്ന നോട്ടീസാണു ചോദ്യംചെയ്യലിനു ഹാജരാവാന്‍ മൊയ്തീനു നല്‍കിയിട്ടുള്ളത്. പത്തു വര്‍ഷത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുമായി എത്താനാണു മൊയ്തീന് ഇ.ഡി. നിര്‍ദേശം.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ താന്‍ ഉത്തരവാദിയാണെന്നതിനു തെളിവില്ലെന്നാണു മൊയ്തീന്റെ വാദം. അതേസമയം, റിമാന്‍ഡിലായ രണ്ടുപ്രതികള്‍ ഇ.ഡിക്കു നല്‍കിയ മൊഴി പുറത്തുവന്നിട്ടില്ല.വടക്കാഞ്ചേരി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അരവിന്ദാക്ഷന്‍, സി.പി.എം. കൗണ്‍സിലര്‍ അനൂപ് ഡേവിസ് എന്നിവരും ഇന്നു കൊച്ചി ഇ.ഡി. ഓഫീസില്‍ ചോദ്യംചെയ്യലിനു ഹാജരാകും. സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് മുന്‍ അംഗം സി.കെ. ചന്ദ്രന്‍, ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീം, ബാങ്ക് സെക്രട്ടറി സുനില്‍കുമാര്‍,സ്വര്‍ണ വ്യാപാരി അനില്‍ സേട്ട് എന്നിവരെ കഴിഞ്ഞ ദിവസം ഇ.ഡി. ചോദ്യംചെയ്തിരുന്നു. . മൊയ്തീന്റെ ബിനാമികളെന്നു കരുതുന്ന സതീഷ് കുമാര്‍, പി.പി. കിരണ്‍ എന്നിവര്‍ റിമാന്‍ഡിലാണ്.