തട്ടിപ്പ് കേസ്; ചലച്ചിത്ര നിർമാതാവ് രവീന്ദർ ചന്ദ്രശേഖരൻ അറസ്റ്റിൽ

ചെന്നൈ: പ്രമുഖ ചലച്ചിത്രനിർമാതാവ് രവീന്ദർ ചന്ദ്രശേഖരൻ അറസ്റ്റിൽ. തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് നടപടി. ഒരു വ്യവസായിയിൽ നിന്ന് 16 കോടി തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സെൻട്രൽ ക്രൈം ബ്രാഞ്ചാണ് രവീന്ദറിനെ അറസ്റ്റ് ചെയ്തത്. ലിബ്ര പ്രൊഡക്ഷൻസ് എന്ന ചലച്ചിത്ര നിർമാണക്കമ്പനിയുടെ ബാനറിലാണ് രവീന്ദർ ചന്ദ്രശേഖരൻ ചിത്രങ്ങൾ നിർമിച്ചത്. ചെന്നൈ സ്വദേശിയായ ബാലാജിയാണ് രവീന്ദർ ചന്ദ്രശേഖരനെതിരെ പരാതി നൽകിയത്.

2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുനിസിപ്പൽ ഖരമാലിന്യം ഊർജമാക്കി മാറ്റുന്ന പവർ പ്രോജക്ടുമായി ബന്ധപ്പെട്ടാണ് ഇരുവരും സാമ്പത്തികമായി ബന്ധപ്പെടുന്നത്. തുടർന്ന് 2020 സെപ്റ്റംബർ 17-ന് ഇരുകക്ഷികളും നിക്ഷേപ കരാറിൽ ഏർപ്പെടുകയും 15,83,20,000/ രൂപ നൽകുകയും ചെയ്തിരുന്നു. തുക കൈപ്പറ്റിയ ശേഷം രവീന്ദർ ബിസിനസ്സ് ആരംഭിക്കുകയോ പണം തിരികെ നൽകുകയോ ചെയ്തില്ലെന്നാണ് പരാതിയിലെ ആരോപണം.

ബാലാജിയിൽ നിന്ന് നിക്ഷേപം നേടിയെടുക്കാൻ രവിന്ദർ വ്യാജരേഖ കാണിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. ടെലിവിഷൻ താരവും അവതാരകയുമായ മഹാലക്ഷ്മിയെയാണ് രവീന്ദർ വിവാഹം ചെയ്തത്.