സ്വന്തം അഭിപ്രായം പറയാൻ ഉദയനിധിക്ക് അവകാശമുണ്ട്; പിന്തുണയുമായി കമൽഹാസൻ

ചെന്നൈ: ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന് പിന്തുണയുമായി നടൻ കമൽഹാസൻ. സനാതന ധർമ വിവാദത്തിലാണ് കമൽ ഹാസൻ ഉദയനിധിയ്ക്ക് പിന്തുണ നൽകി രംഗത്തെത്തിയത്. സ്വന്തം അഭിപ്രായം പറയാൻ ഉദയനിധിക്ക് അവകാശമുണ്ടെന്ന് കമൽഹാസൻ വ്യക്തമാക്കി. വിയോജിക്കുന്നെങ്കിൽ സനാതനത്തിന്റെ ഗുണം ഉയർത്തി സംവാദമാകണം. ഭീഷണിപ്പെടുത്തുകയോ വാക്കുകൾ വളച്ചൊടിക്കുകയോ അല്ല വേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശരിയായ ചോദ്യങ്ങൾ സുപ്രധാന ഉത്തരങ്ങൾക്ക് വഴി തുറന്നതാണ് ചരിത്രം. പാരമ്പര്യങ്ങളെ കുറിച്ച് ക്രിയാത്മകമായ ചർച്ചകൾ അനിവാര്യമാണെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.

അതേസമയം, ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മറുപടി പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഹിന്ദു വിശ്വാസത്തെ ആക്രമിക്കാൻ മുംബൈയിലെ യോഗത്തിൽ ‘ഇന്ത്യ’ മുന്നണിയെടുത്ത തീരുമാനമാണോയെന്ന് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.