ചെന്നൈ: സനാതന ധർമത്തിനെതിരെയുള്ള ഉദയനിധി സ്റ്റാലിന്റെ പരാമർശം വിവാദത്തിൽ. സനാതന ധർമ്മം പകർച്ചവ്യാധികളെപ്പോലെ പൂർണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്നും അത് സാമൂഹ്യനീതിക്ക് എതിരാണെന്നുമുള്ള ഡി എം കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശമാണ് വിവാദമായത്. സനാതനം എന്ന വാക്ക് സംസ്‌കൃതത്തിൽ നിന്നുള്ളതാണെന്നും അത് സാമൂഹ്യ നീതിക്കും തുല്യതയ്ക്കും എതിരാണെന്നും ഉദയനിധി പറഞ്ഞിരുന്നു. വിഷയത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി രംഗത്തെത്തി.
ഉദയനിധി സ്റ്റാലിൻ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ എൺപത് ശതമാനത്തോളം വരുന്ന വിഭാഗത്തിന്റെ വംശഹത്യക്കാണ് ആഹ്വാനം ചെയ്തതെന്ന് ബിജെപിയുടെ ഐടി സെൽ കൺവീനർ അമിത് മാളവ്യ വ്യക്തമാക്കി. കോൺഗ്രസിന്റെ ദീർഘകാല സഖ്യകക്ഷിയായ ഡിഎംകെയുടെ പിൻഗാമി സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അവസരം ലഭിച്ചാൽ, സഹസ്രാബ്ദങ്ങൾ പഴക്കമുള്ള നാഗരികതയെ ഉന്മൂലനം ചെയ്യുമെന്നും മുംബയിലെ യോഗത്തിൽ അവർ എത്തിച്ചേർന്ന ധാരണ ഇതാണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പരാമർശം വിവാദമായതോടെ വിശദീകരണവുമായി ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. സനാതന ധർമ്മം പിന്തുടരുന്നവരെ വംശഹത്യ ചെയ്യാൻ ഞാൻ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തത്വമാണ് സനാതന ധർമ്മം. പറഞ്ഞ ഓരോ വാക്കിലും താൻ ഉറച്ചു നിൽക്കുന്നു. സനാതന ധർമ്മം മൂലം ദുരിതമനുഭവിക്കുന്ന അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയാണ് താൻ സംസാരിച്ചത്. അതിന്റെ പേരിൽ നിയമനടപടികൾ നേരിടാനും തയ്യാറാണെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

