പാലക്കാട്: ജയസൂര്യക്കെതിരായ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി എം ബി രാജേഷ്. കാര്യമറിയാതെ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യയ്ക്ക് രാഷ്ട്രീയമായി മറുപടി നൽകുക മാത്രമാണ് മന്ത്രിമാർ ചെയ്തതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ജയസൂര്യയ്ക്കെതിരെ മാന്യമല്ലാത്ത ഒരു വാക്കു പോലും മന്ത്രിമാർ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ പി.പ്രസാദും രാജീവും ജയസൂര്യയുടെ വിമർശനം കേട്ടതും അതിനോടു പ്രതികരിച്ചതും ഏറ്റവും സഹിഷ്ണുതയോടെയാണ്. ഉത്തർപ്രദേശിൽ മന്ത്രിയെ ചോദ്യം ചെയ്തയാൾക്ക് തല്ലു കിട്ടിയ അനുഭവമുണ്ട്. നടൻ ജോജു ജോർജിനോട് മുൻപ് കോൺഗ്രസ് നേതാക്കൾ അങ്ങനെയാണോ പെരുമാറിയതെന്നും അദ്ദേഹം ചോദിച്ചു.
മാന്യമല്ലാത്ത ഒരു വാക്ക് ജയസൂര്യയ്ക്കെതിരെ മന്ത്രിമാർ പറഞ്ഞോ. രാഷ്ട്രീയമായി മറുപടി പറഞ്ഞാൽ ആക്രമിക്കലാകുമോ. രണ്ടു മന്ത്രിമാർ ഇരിക്കെ അദ്ദേഹം വസ്തുനിഷ്ഠമല്ലാത്ത കാര്യം പറഞ്ഞു. അതു വസ്തുനിഷ്ഠമല്ല എന്നത് മന്ത്രി തുറന്നുകാട്ടി. അതിന് തങ്ങളോട് അരിശപ്പെട്ടിട്ടു കാര്യമില്ല. തന്റെ സുഹൃത്ത് കൃഷ്ണപ്രസാദിന് കാശ് കിട്ടിയിട്ടില്ലെന്നും അതുകൊണ്ടാണ് താൻ ഇതിവിടെ പറഞ്ഞതെന്നുമാണ് ജയസൂര്യ പ്രസംഗിച്ചത്. മന്ത്രി പൈസ കൊടുത്തതിന്റെ രേഖയെടുത്ത് കാണിച്ചു. കൃഷ്ണപ്രസാദിന് പൈസ ജൂലൈയിൽ കൊടുത്തിട്ടുണ്ട് എന്നു പറഞ്ഞു. അപ്പോൾ പറയുന്നു, കൃഷ്ണപ്രസാദിന്റെ കാര്യമല്ല പറഞ്ഞതെന്ന്. താളവട്ടം എന്ന സിനിമയിൽ ജഗതി കുതിരയെ വിഴുങ്ങി എന്നുപറഞ്ഞ് ചാടി നടക്കുന്നില്ലേ. കുതിരയെ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുത്ത് കഴിഞ്ഞപ്പോൾ, ഇപ്പോൾ സമാധാനമായി എന്നു പറയും. കുറച്ചുകഴിഞ്ഞ്, താൻ വിഴുങ്ങിയത് കറുത്ത കുതിരയെയല്ല, വെളുത്ത കുതിരയെയാണ് എന്നുപറഞ്ഞ് വീണ്ടും ചാടാൻ തുടങ്ങും. അതുപോലെയാണ് ഇവിടെയും. അപ്പപ്പോൾ തരാതരം പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

