കായംകുളം : കട്ടച്ചിറ വെള്ളാപ്പള്ളി എൻജിനീയറിങ് കോളേജ് അടിച്ചു തകർത്ത സംഭവത്തിൽ ജെയ്ക് സി തോമസ് കോടതിയിൽ കീഴടങ്ങി. കായംകുളം കോടതിയിലാണ് പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കൂടിയായ ജെയ്ക് കീഴടങ്ങിയത്. 2016 ൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരിക്കെ കോളേജ് മാനേജ്മെന്റിനെതിരെ ജെയിക്കിന്റെ നേതൃത്വത്തിൽ സമരം നടന്നിരുന്നു. സമരം സംഘർഷത്തിലായതോടെ ജെയിക്കുൾപ്പെടെയുള്ള എസ്എഫ്ഐ നേതാക്കൾ കോളേജ് ആക്രമിച്ചതിന് പോലീസ് കേസെടുത്ത വിഷയത്തിലാണ് സ്ഥാനാർഥി കോടതിയിൽ കീഴടങ്ങിയത്.
അതേസമയം പുതുപ്പള്ളിയിൽ എൽഡിഎഫും യുഡിഎഫും കൊമ്പ് കോർക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും ചർച്ച ചെയ്യുന്നത് പുതുപ്പള്ളിയിലെ വികസനങ്ങളെ പറ്റിയാണ് . രണ്ട് സ്ഥാനാർത്ഥികളും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള വിഷയത്തിൽ സംവാദം നടത്താനായി പരസ്പരം വെല്ലുവിളിച്ചിട്ടുമുണ്ട്. ഇന്ന് ബിജെപിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ പുതുപ്പള്ളിയിൽ നടക്കാൻ പോകുന്നത് വാശിയേറിയ ത്രികോണ മത്സരമായിരിക്കും.

