മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ലഭിച്ച വിവാദം നിയമസഭയിൽ ആളിപടർത്താനൊരുങ്ങി പ്രതിപക്ഷം. വീണ വിജയന് സേവനമില്ലാതെ 1.72 കോടി രൂപ മൂന്ന് വർഷത്തിനിടെ നൽകിയെന്നാണ് ആദായ നികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തിയത്. കൊച്ചിൻസ് മിനറൽസ് ആൻഡ് റൂട്ടൈൽ എന്ന സ്വകാര്യ കമ്പനിയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയത്. പ്രമുഖ വ്യക്തിയുമായുള്ള വീണയുടെ അടുത്ത ബന്ധമാണ് പണം നൽകാൻ കാരണമെന്നാണ് ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിൻറെ ഡൽഹി ബ്രാഞ്ച് പറയുന്നത്.
വീണയും പണം നൽകിയ സ്ഥാപനവുമായി ഐ ടി, മാർക്കെറ്റിംഗ് കൺസൾട്ടൻസി,സോഫ്റ്റ്‌വെയർ സേവനങ്ങൾ എന്നിവയിൽ കരാർ ഉണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കരാർ പ്രകാരമാണ് സേവനം നൽകിയില്ലെങ്കിലും പണം കൊടുത്തതെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടർ എസ് എൻ ശശിധരൻ കർത്താ വ്യക്തമാക്കി. അതേ സമയം വീണയുടെ പണമിടപാട് സംബന്ധിച്ച് നിയമസഭയിൽ ചോദ്യം ഉന്നയിച്ച മാത്യു കുഴൽ നാടനെതിരെ മുഖ്യമന്ത്രി കയർത്തു സംസാരിക്കുകയാണുണ്ടായത്.

