ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് സ്പീക്കർ; കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി

കോട്ടയം: നിയമസഭാ സ്പീക്കർ എ എൻ ഷംസീർ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് സ്പീക്കർ പുതുപ്പള്ളിയിലെത്തി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ചത്. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുന്ന ചടങ്ങിലേക്ക് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ക്ഷണിക്കുന്നതിനാണ് താൻ പുതുപ്പള്ളിയിൽ എത്തിയതെന്ന് ഷംസീർ വ്യക്തമാക്കി.

53 വർഷത്തിന് ശേഷം ഉമ്മൻ ചാണ്ടിയില്ലാതെ തിങ്കളാഴ്ച നിയമസഭ ചേരുകയാണെന്നും അദ്ദേഹം പറഞ്ഞു. 53 വർഷം ഒരു വ്യക്തിയ്ക്ക് നിയമസഭാ സാമാജികനായി തുടരാൻ സാധിക്കുന്നത് അപൂർവഭാഗ്യമാണ്. ഇനിയൊരു ഉമ്മൻ ചാണ്ടി സാറുണ്ടാകുമോയെന്ന് സംശയമാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ നാളത്തെ നിയമസഭാ സമ്മേളനത്തിന് ക്ഷണിക്കാൻ വന്നതാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചു.