തിരുവനന്തപുരം : താൻ നടത്തിയത് കലാപാഹ്വാനമല്ലെന്നും യുവമോർച്ചയ്‌ക്ക് മനസ്സിലാവാൻ വേണ്ടിയാണ് മോർച്ചറി പരാമർശം ഉപയോഗിച്ചതെന്നും പ്രതികരിച്ച് പി ജയരാജൻ. സ്പീക്കർ എംഎൻ ഷംസീറിന്റെ മതമാണ് ആർ എസ് എസ് വിമർശനത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഷംസീറിനെ സംരക്ഷിക്കുകയെന്നത് കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ തന്റെ കടമയാണെന്നും ജയരാജൻ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
ഷംസീറിന്റെ മിത്ത് വിവാദം ആളിക്കത്തിയതിൽ ജയരാജന്റെ മോർച്ചറി പരാമർശത്തിന് പങ്കുണ്ടെന്ന് നേരത്തെ തന്നെ പാർട്ടി വിലയിരുത്തിയിരുന്നു. രാഷ്ട്രീയ എതിരാളികൾക്ക് ജയരാജന്റെ പ്രസ്താവന ഗുണകരമായെന്ന് അനേകം വിമർശനങ്ങളും പലയിടങ്ങളിൽ നിന്ന് ഉയർന്നിരുന്നു. ഷംസീറിനും ഗോവിന്ദൻ മാസ്റ്ററിനും വരെ പ്രശ്നത്തിൽ ഇടപെടേണ്ടി വന്നത് ഈ പ്രസ്താവനയ്ക്ക് ശേഷമാണ്.

