ന്യൂഡൽഹി: രാജ്യസഭാംഗമായ പി ടി ഉഷ ദത്തെടുത്ത കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിന് വികസന പദ്ധതികളിൽ പിന്തുണ നൽകണമെന്ന് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൻസദ് ആദർശ ഗ്രാമ യോജന പ്രകാരമാണ് ഗ്രാമപഞ്ചായത്തിന് പിന്തുണ നൽകേണ്ടത്. കേന്ദ്ര റൂറൽ മന്ത്രാലത്തിനാണ് പ്രധാനമന്ത്രി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. ഗ്രാമവികസന മന്ത്രാലയമായ ജോയിന്റ് സെക്രട്ടറി രാഹുൽ കശ്യപിന് ഇക്കാര്യത്തിന്റെ ചുമതല നൽകുകയും ചെയ്തു. കോട്ടയം ജില്ലാ കളക്ടർ അടക്കമുള്ളവരുമായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
പി ടി ഉഷ സൻസദ് ആദർശ ഗ്രാമം പദ്ധതിയിൽ പഞ്ചായത്തിനെ തിരഞ്ഞെടുത്തതായുള്ള വിവരം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. തുടർന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചത്. പദ്ധതിയുടെ വിശദീകരണത്തിനും ഒരുമിച്ചുള്ള പ്രവർത്തങ്ങൾ ആസൂത്രണം ചെയുന്നതിനുമായി എംപിയുടെ ഓഫീസുമായി ചേർന്ന് ജോയിന്റ് സെക്രട്ടറി പ്രത്യേക യോഗം വിളിച്ചു ചേർത്ത് പദ്ധതി തയാറെടുപ്പുകൾ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. വില്ലേജ് ഡെവലപ്‌മെന്റ് പ്ലാൻ ഉൾപ്പെടെ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് നേരിട്ട് കൈമാറണമെന്നും പദ്ധതി നേരിട്ട് വിലയിരുത്തുന്നതോടൊപ്പം ആവശ്യമായ സഹായങ്ങൾ അതാത് സമയങ്ങളിൽ ലഭ്യമാക്കുമെന്നും ഉറപ്പു നൽകി.
കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് ആണ് സൻസദ് ആദർശ ഗ്രാമം യോജനയിൽ പി ടി ഉഷ എംപി തിരഞ്ഞെടുത്ത ആദ്യ പഞ്ചായത്ത്. ജില്ലാ നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം പഞ്ചായത്തിൽ പ്രഥമയോഗം ചേർന്നിരുന്നു. വില്ലേജ് ഡെവലപ്‌മെന്റ് പ്ലാൻ ഉൾപ്പെടെ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് യോഗം ചേരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

