ബെംഗളൂരു: ഉമ്മൻ ചാണ്ടിയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ നേതാക്കൾ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളും കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ അടക്കമുള്ള കോൺഗ്രസ് നേതാക്കളും ഉമ്മൻ ചാണ്ടിയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുന്ന ബെംഗളൂരുവിലെ മന്ത്രി ടി. ജോണിന്റെ വസതിയിൽ എത്തിയാണ് നേതാക്കൾ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചത്. ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ ഒരുനോക്ക് കാണാനായി ബംഗളൂരുവിലെത്തിയത്.
കേരളത്തിലെത്തിച്ച ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസിലും സെക്രട്ടറിയേറ്റ് ദർബാർ ഹാളിലും വൈകിട്ട് 5 മണിയ്ക്ക് ഇന്ദിരാഭവനിലും പൊതുദർശനത്തിന് വെയ്ക്കും. ജൂലൈ 20 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് പുതുപ്പള്ളി പള്ളി സെമിത്തേരിയിൽ അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കും.
ബംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് ഉമ്മൻചാണ്ടി അന്തരിച്ചത്. ക്യാൻസർ ബാധിതനായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. നിരവധി രാഷ്ട്രീയ പ്രമുഖർ അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം അറിയിച്ചു.

