ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസ് ജൂലൈ 18 ന് സുപ്രീംകോടതിയുടെ പുതിയ ബഞ്ച് പരിഗണിക്കും. മലയാളിയായ ജസ്റ്റിസ് സി ടി രവി കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയതിനാലാണ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാകും കേസ് പരിഗണിക്കുക. ഹൈക്കോടതിയിൽ ഇതേ കേസിൽ വാദം കേട്ടിട്ടുണ്ടെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് സി ടി രവി പിന്മാറിയത്.
ഹൈക്കോടതിയിൽ കേസിൽ താൻ വാദം കേട്ടിട്ടുണ്ടെന്ന് കേസ് പരിഗണനയ്ക്ക് വന്നപ്പോൾ ജസ്റ്റിസ് സിടി രവികുമാർ പറഞ്ഞിരുന്നു. താൻ പിന്മാറേണ്ടതുണ്ടോയെന്ന് ചോദിച്ച ജസ്റ്റിസ് പിന്നീട് പിന്മാറുകയായിരുന്നു. സ്വയം കാരണം വിശദീകരിച്ചായിരുന്നു ജസ്റ്റിസ് സി ടി രവി കുമാറിന്റെ പിന്മാറ്റം.
ലാവലിൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹർജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹർജിയുമാണ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

